എണ്ണപ്പാടങ്ങളും എണ്ണശുദ്ധീകരണശാലകളും കുടിവെള്ള പ്ലാന്‍റുകളും ലക്ഷ്യമിട്ട് കുവൈത്തിൽ ഇറാന്‍റെ കനത്ത വ്യോമാക്രമണം. രാജ്യത്തിന്‍റെ സ്വത്തിനും ജനങ്ങളുടെ ജീവനും നേരെയാണ് ഇറാൻ മിസൈലുകൾ അയയ്ക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വ്യോമാക്രമണം രൂക്ഷമായതോടെ രാജ്യത്തിന്‍റെ വ്യോമപാത താൽക്കാലികമായി അടയ്ക്കുകയും ജസീറ എയർവേയ്സ് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തു.

 

ആക്രമണത്തെ തുടർന്ന് എണ്ണശുദ്ധീകരണ പ്ലാന്‍റുകളിലും വൈദ്യുതി നിലയങ്ങളിലും വൻ തീപിടിത്തമുണ്ടായി. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി കുവൈത്തിൽ വൈദ്യുതി ഉൽപാദനം താൽക്കാലികമായി കുറച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

കുവൈത്തിലെ അമേരിക്കൻ-കുവൈത്ത് സൈനിക താവളങ്ങൾക്ക് നേരെയും ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പാർപ്പിട മേഖലകളിൽ പതിച്ച് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്തിന് പുറമെ ബഹ്റൈൻ, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സൗദിയിലെ എണ്ണ കയറ്റുമതി തുറമുഖങ്ങളായ അൽ ഖർജ്, യാൻബു എന്നിവിടങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം വരുംദിവസങ്ങളിൽ ആഗോള വിപണിയെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ രാജ്യാന്തര തലത്തിൽ എണ്ണവിലയിൽ നാല് ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.

ENGLISH SUMMARY:

Iran's significant airstrikes targeted oil fields, refineries, and water treatment plants in Kuwait, with missiles aimed at the country's property and lives. The Kuwaiti Foreign Ministry stated that Iran's missiles were directed against the nation's property and people's lives.