Image: REUTERS
പശ്ചിമേഷ്യയില്‍ യുഎസ്– ഇറാന്‍ ആക്രമണപ്രത്യാക്രമണം രൂക്ഷം. ഇറാന്റെ വിവിധ നഗരങ്ങളില്‍ യുഎസ് മിസൈല്‍ ആക്രമണം. മറുപടിയായി ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ പ്രത്യാക്രമണം നടത്തി.
ഇറാനെതിരെ വന്‍ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ തെക്കന്‍ ഇറാന്റെ വിവിധയിടങ്ങളില്‍ ആക്രമണമുണ്ടായി. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഖഷം ദ്വീപിലും ഹോര്‍മുസ് കടലിടുക്കിലെ ബന്ദര്‍ അബ്ബാസിലും തെക്കന്‍ നഗരമായ കാര്‍ഗനിലും യുഎസ് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് അടച്ചിടുന്നതായി ഇറാന്‍ സൈന്യം വ്യക്തമാക്കി. കപ്പലുകള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയതായും വിലക്ക് ലംഘിച്ച് യാത്രയ്ക്ക് ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
യുഎസ് ആക്രമണത്തിന് മറുപടിയായി ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. ബഹ്റൈനില്‍ മനാമയിലും ഹമദ് ടൗണിലുമായിരുന്നു ആക്രമണം. 11കാരിക്ക് പരുക്കേറ്റെന്ന് ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആക്രമണ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായ അടച്ചിട്ട കുവൈത്ത് വിമാനത്താവളം പിന്നീട് തുറന്നു. കൊച്ചിയില്‍ നിന്ന് രാവിലെ പുറപ്പെട്ട രണ്ടു കുവൈത്ത് വിമാനങ്ങള്‍ സൗദിയില്‍ ഇറക്കി. സമാധാനകരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ വൈദ്യുതി നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപും ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാന്‍ സൈന്യവും നിലപാടെടുത്തതോടെ മേഖലയില്‍ വീണ്ടും യുദ്ധസമാനമായ സാഹചര്യമാണ്.
അതേസമയം, ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഇന്നലെ യു.എസ്. നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ സ്ഥിരീകരണം. രണ്ട് മൃതദേഹങ്ങള്‍ വീണ്ടെടുത്തു. ഒമാന്‍ തീരത്ത് വീണ്ടും മറ്റൊരു ചരക്കു കപ്പല്‍ ആക്രമിക്കപ്പെട്ടു. ഇന്ത്യന്‍ ജീവനക്കാരുള്ള എം.ടി.ജല്‍വീര്‍ എന്ന കപ്പലിന് നേര്‍ക്കാണ് ആക്രമണം.