Image Credit:x/farsnews
ഇറാന്‍റെ സൈനിക കേന്ദ്രങ്ങളിലടക്കം കനത്ത വ്യോമാക്രമണം നടത്തി യുഎസ് സൈന്യം. സമാധാന ചര്‍ച്ചകള്‍ വേഗത്തിലായതിനിടെ മറുവശത്ത് കൂടി അമേരിക്കന്‍ പട്ടാളം ആക്രമണം നടത്തുന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍. ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ സൈന്യത്തിന് പ്രതിസന്ധിയുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു യുഎസ് ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ചടിയെന്നോണം ഇറാന്‍ തൊടുത്ത ഡ്രോണുകളെ പ്രതിരോധിച്ചുവെന്നും യുഎസ് ഉന്നതന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയര്‍ന്നു. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഏകപക്ഷീയമായി ആരംഭിച്ച യുദ്ധം ഇന്ധനവിലയില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടാക്കിയത്. ആഗോള സാമ്പത്തിക വ്യവസ്ഥയും പ്രതിസന്ധിയിലായി.
അതേസമയം, സമാധാന കരാറിന്‍റെ ഭാഗമായി ഹോര്‍മുസ് തുറക്കുകയാണെന്നും ഇറാനും ഒമാനും ചേര്‍ന്നു തന്നെ നിയന്ത്രിക്കുമെന്നുമുള്ള ഇറാന്‍ മാധ്യമ റിപ്പോര്‍ട്ടിനെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തള്ളി. ഹോര്‍മുസ് പഴയത് പോലെ തന്നെ തുറന്ന് കിടക്കുമെന്നും ആ രീതിയില്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോകുകയുള്ളൂവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ബന്ദര്‍ അബ്ബാസിലും ഹോര്‍മുസിനടുത്തും യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. തിരിച്ചടിച്ച ഇറാന്‍, യുഎസിന്‍റെ എം ക്യു 9 ഡ്രോണ്‍ വീഴ്ത്തുകയും മറ്റ് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുകയും ചെയ്തു.