TOPSHOT - US President Donald Trump speaks during a televised address on the conflict in the Middle East from the Cross Hall of the White House in Washington, DC on April 1, 2026. President Donald Trump made his case for attacking Iran in his first nationwide address more than a month into the war, insisting the United States was close to victory as his approval rating sinks. In an evening speech from the White House, Trump broke little new ground on how the war would end and vowed two to three weeks further of "extremely hard" strikes against Iran. (Photo by Alex Brandon / POOL / AFP)

Image Credit: AFP

പശ്ചിമേഷ്യന്‍ യുദ്ധത്തിന് പരിസമാപ്തി കുറിക്കാന്‍ ഉടന്‍ കഴിയുമെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ കൈമാറുമെന്നും അവകാശവാദമുയര്‍ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ന്യൂക്ലിയര്‍ ഡസ്റ്റ് നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. കരാറിലെത്താനുള്ള എല്ലാ സാധ്യതകളും ഞാന്‍ കാണുന്നു' എന്നായിരുന്നു വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപിന്‍റെ പ്രതികരണം. കരാറിലെത്തുന്ന സാഹചര്യമുണ്ടായാല്‍ താന്‍ ഇസ്​ലമാബാദിലേക്ക് പോകുമെന്നും ട്രംപ് പറഞ്ഞു. 

സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആവശ്യത്തിന് നാളിന്ന് വരെ ഇറാന്‍ അനുകൂല നിലപാട് എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ ഇറാനെ ഈ തീരുമാനത്തിലെത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും ആണവായുധം  നിര്‍മിക്കില്ലെന്ന ഉറപ്പും ഹോര്‍മുസിലൂടെ നിര്‍ബാധം കപ്പലുകള്‍ക്ക് സഞ്ചരിക്കാമെന്ന ഉറപ്പും ഇതിനൊപ്പം താന്‍ നേടിയെടുത്തുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.  വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുപോകുകയല്ല, മറിച്ച് കരാറിലെത്താനാണ് തന്‍റെ നീക്കമെന്നും യുദ്ധത്തിന് പരിഹാരം ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. 'അമേരിക്ക ആവശ്യപ്പെട്ടതെല്ലാം ഇറാന്‍ നല്‍കി' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ട്രംപിന്‍റെ വാദങ്ങളോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ഇസ്​ലമാബാദില്‍ നടന്ന ആദ്യ സമാധാന ചര്‍ച്ച പരാജയപ്പെട്ടതും സമ്പുഷ്ടീകരിച്ച യുറേനിയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലായിരുന്നു. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ളത് ന്യായമായ അവകാശമാണെന്ന് ഇറാന്‍ നിലപാടെടുക്കുകയും അമേരിക്ക ഇത് അംഗീകരിച്ചതോടെ വെടിനിര്‍ത്തല്‍ നിലവില്‍ വരികയും ചെയ്തു. എന്നാല്‍ ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ അമേരിക്ക നിലപാട് മാറ്റിയെന്നും അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി തുറന്നടിച്ചിരുന്നു. സമാധാനകരാറിലെത്തിയേക്കുമെന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സിനെ വിളിച്ചുവെന്നും ഈ ഫോണ്‍കോളോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് അറഗ്ചി വെളിപ്പെടുത്തിയിരുന്നു. ഇതിനോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഇറാന്‍റെ ആണവ പദ്ധതിയില്‍ അമേരിക്കയ്ക്ക് ഉള്ള ആശങ്ക നീങ്ങിയാല്‍ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമായ കരാര്‍ ഉണ്ടാകുമെന്നായിരുന്നു വാന്‍സിന്‍റെ പിന്നീടുള്ള പ്രതികരണം. 

20 വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അത് സാധ്യമല്ലെന്നും അ‌ഞ്ചുവര്‍ഷം വേണമെങ്കില്‍ പരിഗണിക്കാമെന്നും ഇറാന്‍ പറഞ്ഞുവെന്നും ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം അഞ്ചുവര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താമെന്ന ഇറാന്‍റെ വാഗ്ദാനം യുഎസ് തള്ളിയെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്നും രാജ്യത്തിന്‍റെ സാമ്പത്തികശേഷി മെച്ചപ്പെടുത്താനും സിവിലിയന്‍ ആവശ്യങ്ങള്‍ക്കും മാത്രമാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്ന നിലപാടാണ് തുടക്കം മുതല്‍ ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. ആണവായുധം ഉണ്ടാക്കരുതെന്ന് ഫത്വ ഉണ്ടെന്നും അത് ഇറാന്‍ തെറ്റിക്കില്ലെന്നും ഇന്ത്യയിലെ ഇറാന്‍ പ്രതിനിധിയും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇസ്രയേല്‍–ലെബനന്‍ വെടിനിര്‍ത്തല്‍ താന്‍ നടപ്പിലാക്കിയെന്നും ഇതോടെ പത്താമത്തെ യുദ്ധമാണ് താന്‍ അവസാനിപ്പിക്കുന്നതെന്നും ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. പത്തുദിവസത്തെ വെടിനിര്‍ത്തലാണ് തന്‍റെ നേതൃത്വത്തില്‍ സാധ്യമായതെന്നും 'ലോകത്തെ ഒന്‍പത് യുദ്ധങ്ങള്‍ പരിഹരിച്ച താന്‍ ഇതാ പത്താമത്തേതും പരിഹരിച്ചു' എന്നായിരുന്നു ട്രംപിന്‍റെ പുതിയ അവകാശവാദം.

ENGLISH SUMMARY:

US President Donald Trump has announced a major potential breakthrough in West Asian peace talks, claiming that Iran has agreed to hand over its enriched uranium. Speaking at the White House, Trump asserted that Tehran committed to not building nuclear weapons and ensuring free passage through the Strait of Hormuz. While Trump expressed optimism about traveling to Islamabad for the final accord, Iran has yet to officially respond to these claims. Earlier, Iranian Foreign Minister Abbas Araghchi had expressed skepticism, accusing the US of changing its stance following a call between Israeli PM Netanyahu and US VP J.D. Vance. Reports suggest tensions remain over the duration of halting uranium enrichment, with the US demanding a 20-year freeze while Iran proposes five.