ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചുള്ള അമേരിക്കന്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റഷ്യ. ഹോര്‍മുസില്‍ ഇറാനൊപ്പം റഷ്യ ഇറങ്ങിയേക്കുമെന്നും അമേരിക്കന്‍ ഉപരോധം പ്രതിരോധിക്കുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് നിര്‍ണായക നീക്കമെന്നാണ് സൂചന.
'മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ ഗൗരവത്തോടെയുള്ള നയതന്ത്ര ഇടപെടലുകള്‍ യുഎസ് നടത്തണമെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും' സെര്‍ജി ലാവ്‍റോവ് പറഞ്ഞു. യുഎസ് ലോക സമാധാനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുകയാണെന്നും ഹോര്‍മുസ് ഉപരോധിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ഇറാന്‍ മാത്രമല്ലെന്ന് ഓര്‍മ വേണമെന്നും അറഗ്ചി പ്രതികരിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതില്‍ എത്തരത്തിലുള്ള നടപടി സ്വീകരിക്കണമെന്നതില്‍ സംയുക്ത ചര്‍ച്ചയ്ക്കായി ലാവ്‍റോവ് ഉടന്‍ ബെയ്ജിങ് സന്ദര്‍ശിക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഈ സന്ദര്‍ശനത്തിന് ശേഷം നിര്‍ണായക തീരുമാനങ്ങള്‍ പരസ്യമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹോര്‍മുസിലൂടെ ചൈനീസ് കപ്പലുകള്‍ സുഗമമായി യാത്ര ചെയ്യുമെന്ന് ചൈന പ്രഖ്യാപിച്ചു കഴിഞ്ഞു. ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഹോര്‍മുസില്‍ സൈനിക നടപടികള്‍ക്ക് യുഎസ് സൈന്യം ഇതുവരെ മുതിര്‍ന്നിട്ടുമില്ല. ചൈനയിലേക്ക് എത്തുന്ന ഇന്ധനത്തിന്‍റെ 30 ശതമാനവും ഹോര്‍മുസിലൂടെയാണെന്നിരിക്കെ ട്രംപിന്‍റെ നടപടിക്കെതിരെ ചൈനയും രംഗത്തിറങ്ങിയേക്കുമെന്ന് സൂചനയുണ്ട്.
ഹോര്‍മുസ് ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ 15 യുദ്ധക്കപ്പലുകളും എഫ്–35 ഉള്‍പ്പടെയുള്ള യുദ്ധവിമാനങ്ങളും അമേരിക്ക വിന്യസിച്ചിരുന്നു. ഇറാന്‍റെ നാവികശക്തി അമേരിക്കന്‍ സൈന്യം പൂര്‍ണമായി തകര്‍ത്തുവെന്നും ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ പിടിച്ചെടുക്കുമെന്നും ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചുട്ടെരിക്കുമെന്നുമായിരുന്നു ട്രംപിന്‍റെ ഭീഷണി.