ഇറാനുമായുള്ള നയതന്ത്ര നീക്കം പാളിയതോടെ ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കാനൊരുങ്ങി അമേരിക്ക. ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ ഇനി ഒന്നര മണിക്കൂർ മാത്രമാണ് ബാക്കി. അമേരിക്കൻ നാവികസേനാ കപ്പലുകൾ ഹോർമൂസ് ലക്ഷ്യമാക്കി തിരിച്ചു. ട്രംപിന്റെ നീക്കത്തിന് ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ട്രംപിന്റെ നീക്കത്തെ പിന്തുണച്ച് ഇസ്രായേൽ രംഗത്തെത്തി. ഹോർമൂസ് അടയ്ക്കാനുള്ള നീക്കത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു.
പാകിസ്താനിൽ 21 മണിക്കൂർ നീണ്ട അമേരിക്ക – ഇറാൻ ചർച്ച പരാജയപ്പെട്ടതോടെയാണ് ഹോർമൂസ് പിടിച്ചെടുത്ത് ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള അമേരിക്കൻ നീക്കം. ഇന്ത്യൻ സമയം ഏഴരയോടെ ഹോർമൂസ് പിടിച്ചെടുക്കാനാണ് ട്രംപിന്റെ നിർദ്ദേശം. ഇറാൻ കപ്പലുകളെയും ഇറാന് ടോൾ നൽകുന്ന കപ്പലുകളെയും തടയുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഹോർമൂസ് ഉപരോധിച്ചാൽ തിരിച്ചടി ഗൾഫ് തുറമുഖങ്ങളിൽ നൽകുമെന്നാണ് ഇറാന്റെ മറുപടി. അമേരിക്കൻ നാവികസേന ഹോർമൂസ് കടന്നാൽ വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്ന് ഐ.ആർ.ജി.സി (IRGC) അറിയിച്ചു. ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി ഉടൻ അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതിനിടെ ഇറാനിൽ കരയുദ്ധം തുടങ്ങാനുള്ള സാധ്യതകളും ട്രംപ് പരിശോധിക്കുന്നുണ്ട്. അതേസമയം അമേരിക്കയുമായി വീണ്ടും ചർച്ചയ്ക്കുള്ള സാധ്യതകൾ ഇറാനും തേടുന്നു. ഇസ്ലാമാബാദിലെ ചർച്ച നേരിയ വ്യത്യാസത്തിലാണ് പാളിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സംഘർഷാവസ്ഥയെത്തുടർന്ന് എണ്ണ വില ഇനിയും കൂടുമെന്ന് ട്രംപ് പറഞ്ഞു. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും സംഘർഷത്തിന് പരിഹാരം കാണണമെന്ന നിലപാടിൽ മാറ്റമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി; സെൻസെക്സ് 700 പോയിന്റും നിഫ്റ്റി 207 പോയിന്റും ഇടിഞ്ഞു. അമേരിക്കൻ ഓഹരി വിപണിയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്.