Image credit: AFP

  • ഹോര്‍മുസില്‍ എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്ന് ട്രംപ്
  • ട്രംപിനെ പ്രസിഡന്‍റ് പദവിയില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍ സിഐഎ മേധാവി
  • ശത്രു ഊരാക്കുടുക്കില്‍പ്പെട്ടുവെന്ന് ഇറാന്‍

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നടത്തിയ ഒറ്റ ഫോണ്‍ കോളിലാണ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതെന്ന് ഇറാന്‍. സമൂഹമാധ്യമമായ എക്സിലൂടെ ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയാണ് ഈ ആരോപണം ഉന്നയിച്ചത്. ഇസ്​ലമാബാദില്‍ 21 മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നെതന്യാഹുവിന്‍റെ ഫോണ്‍വിളിക്ക് പിന്നാലെ അലസിപ്പിരിഞ്ഞത്. 'ചര്‍ച്ചയ്ക്കിടയ്ക്ക് നെതന്യാഹു വാന്‍സിനെ ഫോണ്‍വിളിച്ചു. ഇതോടെ ഇറാന്‍–യുഎസ് ചര്‍ച്ചകളില്‍ നിന്ന് ചര്‍ച്ച ഇസ്രയേല്‍ താല്‍പര്യങ്ങളിലേക്ക് വഴുതി. യുദ്ധത്തിലൂടെ നേടിയെടുക്കാന്‍ കഴിയാതിരുന്ന ആവശ്യങ്ങള്‍ സാധിക്കാനാണ് അമേരിക്ക ചര്‍ച്ചയിലെത്തിയത്' എന്നും അറഗ്ചി തുറന്നടിച്ചു. 

ശുഭകരമായത് സംഭവിക്കുമെന്ന തുറന്ന മനസോടെയാണ് ഇറാന്‍ ചര്‍ച്ചയ്ക്കായി എത്തിയത്. എന്നാല്‍ ചര്‍ച്ചയ്ക്ക് മുന്‍പ് വാന്‍സ് അനാവശ്യമായ വാര്‍ത്താസമ്മേളനം നടത്തി. ഇറാന്‍റെ താല്‍പര്യങ്ങളും പരമാധികാരവും സംരക്ഷിക്കുന്നതിന് അതിന്‍റെ ഭരണാധികാരികള്‍ പ്രതിജ്ഞാബദ്ധരാണെന്നും അറഗ്ചി പറഞ്ഞു. 

നെതന്യാഹുവിന്‍റെ അനാവശ്യ ഇടപെടലാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന ഇറാന്‍റെ ആരോണത്തോട് അമേരിക്ക ഇതുവരെയും പ്രതികരിച്ചിട്ടില്ല. നെതന്യാഹു ചര്‍ച്ചയ്ക്കിടെ വാന്‍സിനെ വിളിച്ചുവെന്നതും യുഎസ് സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ പൂര്‍ത്തിയാകാന്‍ 9 ദിവസം കൂടി ശേഷിക്കെയാണ് സമാധാന ചര്‍ച്ച അലസിപ്പിരിഞ്ഞത്. 

തീര്‍ത്തും അപ്രായോഗികമായ നിലപാടാണ് ചര്‍ച്ചയില്‍ അമേരിക്ക കൈക്കൊണ്ടതെന്ന് ഇറാനും പാക് ഉന്നതരും പറയുന്നു. ഹോര്‍മുസിലൂടെ അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും കപ്പലുകളെ സഞ്ചരിക്കാന്‍ അനുവദിക്കണം എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കെത്തിയ യുഎസ് ചര്‍ച്ചയില്‍ ഉടനീളം ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കണമെന്നും നിലവില്‍ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്നും നിലപാടെടുത്തു. ഇത് സാധ്യമല്ലെന്ന് ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ സമാധാനത്തിന് വാഷിങ്ടണ്‍ മുന്നോട്ട് വയ്ക്കുന്ന ഏറ്റവും മികച്ചതും അന്തിമവുമായ ഓഫറാണിതെന്നായിരുന്നു വാന്‍സിന്‍റെ നിലപാട്. ഇറാന്‍ ആവശ്യം തള്ളി. ഇതോടെയാണ് വാന്‍സ് മടങ്ങിയത്. 

ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ബാരലിന് 95 ഡോളറിലെത്തിയ ക്രൂഡ് വില ചര്‍ച്ച വഴിമുട്ടിയതോടെ വീണ്ടും കുതിച്ചുയര്‍ന്നു. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മുസിലൂടെ നാമമാത്രമായ കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്. ഹോര്‍മുസില്‍ മൈനുകള്‍ ഇറാന്‍ സൈന്യം വിതറി. സുരക്ഷിതപാതയിലൂടെ ഹോര്‍മുസ് കടക്കുന്നതിനായി കപ്പലൊന്നിന് ഒരു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹോര്‍മുസില്‍ എല്ലാ കപ്പലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഹോര്‍മുസിലേക്ക് കടക്കാനോ പുറത്തേക്ക് പോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപിന്റെ ഭീഷണി.

ENGLISH SUMMARY:

Iranian Foreign Minister Abbas Araghchi has accused Israeli PM Benjamin Netanyahu of derailing the 21-hour marathon peace talks in Islamabad with a single phone call to US Vice President JD Vance. According to Araghchi, the call shifted the focus of the negotiations toward Israeli interests, leading to a stalemate. While Iran claims it approached the talks with an open mind, the US insisted on Iran's complete abandonment of uranium enrichment—a condition Tehran deemed impractical. Following the failure of the talks, global crude oil prices surged as uncertainty loomed over the remaining nine days of the temporary ceasefire. Meanwhile, President Donald Trump has threatened a complete naval blockade of the Strait of Hormuz, vowing to intercept any vessels attempting to pass through the strategic waterway. The US has yet to officially respond to Iran's specific allegations regarding Netanyahu's interference.