Image credit:x
യുഎസ് പൗരയായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണെ ഇറാഖില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. ബാഗ്ദാദില്‍ നിന്നാണ് ഷെല്ലിയെ തട്ടിക്കൊണ്ടുപോയത്. ഷെല്ലിയുടെ ജീവന് ഭീഷണിയുള്ളതിനാല്‍ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് സര്‍ക്കാര്‍ നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഷെല്ലി ഇറാഖിലെത്തിയതെന്ന് ട്രംപ് സര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'വൈകുന്നേരത്തോടെ വിദേശ മാധ്യമപ്രവര്‍ത്തകയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു' എന്നാണ് ഇറാഖിലെ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങളില്‍ പ്രസ്താവനയിറക്കിയത്.
തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തിന്‍റെ വാഹനത്തെ സുരക്ഷാസംഘം പിന്തുടര്‍ന്ന് കണ്ടെത്തിയെന്നും വാഹനം മറിഞ്ഞ് അപകടമുണ്ടായെന്നും എന്നാല്‍ മറ്റൊരു വാഹനത്തിലാക്കി ഇവരെ അക്രമികള്‍ കടത്തിക്കൊണ്ടുപോയെന്നും മന്ത്രാലയത്തിന്‍റെ കുറിപ്പിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തെക്കന്‍ ബാഗ്ദാദിലേക്കാണ് ഷെല്ലിയെ കടത്തിക്കൊണ്ടു പോയതെന്നാണ് ഇറാഖില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരക്കേറിയ റോഡില്‍ വച്ച് ഷെല്ലിയെ ആയുധധാരികളായ ഒരു സംഘം പുരുഷന്‍മാര്‍ തടഞ്ഞു നിര്‍ത്തുന്നതിന്‍റെയും കാറില്‍ നിന്ന് വലിച്ചിറക്കി അവരുടെ വാഹനത്തിലാക്കി കൊണ്ടുപോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ അല്‍ അറേബ്യ ചാനല്‍ പുറത്തുവിട്ടു.
അതേസമയം ഈ തട്ടിക്കൊണ്ടുപോകലിന് നിലവിലുള്ള യുദ്ധവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഇറാന്‍റെ പിന്തുണയുള്ള സായുധ സംഘം ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്കെതിരായി ആക്രമണം നടത്തുന്നുണ്ട്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലുള്ള തങ്ങളുടെ പൗരന്‍മാരോട് അടിയന്തരമായി യുഎസിലേക്ക് മടങ്ങാന്‍ വാഷിങ്ടണ്‍ നിര്‍ദേശിച്ചിരുന്നു.
2023 ല്‍ ബാഗ്ദാദില്‍ വച്ച് ഇസ്രയേല്‍–റഷ്യന്‍ പൗരത്വമുള്ള എലിസബത്ത് സര്‍കോവിനെയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. 2025 സെപ്റ്റംബറിലാണ് എലിസബത്തിനെ മോചിപ്പിച്ചത്. ഇറാന്‍ ബന്ധമുള്ള കത്തീബ് ഹിസ്ബുല്ലയാണ് തന്നെ തട്ടിക്കൊണ്ട് പോയി തടവിലാക്കിയിരുന്നതെന്ന് എലിസബത്ത് പിന്നീട് വെളിപ്പെടുത്തി. എന്നാല്‍ കത്തീബ് ഹിസ്ബുല്ല ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല.