പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരാവസ്ഥയിലേക്ക്. ദുബായ് തീരത്ത് അസംസ്കൃത എണ്ണയുമായി പോയ ഭീമൻ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും എണ്ണക്കിണറുകളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 'അൽ-സൽമി' എന്ന കപ്പലിന് നേരെയാണ് ഇന്നുരാവിലെ ആക്രമണമുണ്ടായത്. കപ്പലിന് തീപിടിക്കുകയും പുറംഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തീ നിയന്ത്രണവിധേയമാണെന്ന് ദുബായ് അധികൃതർ അറിയിച്ചു. എണ്ണച്ചോർച്ചയോ ജീവനക്കാർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള കപ്പലാണിത്. ഇപ്പോഴത്തെ നിരക്കില്‍ ഇത്രയും എണ്ണയ്ക്ക് 1880 കോടി രൂപ വിലവരും.

കുവൈത്ത് കപ്പലിനുനേരെ ആക്രമണമുണ്ടായതിന് പിന്നാലെ ആഗോള എണ്ണവില വീണ്ടും വര്‍ധിച്ചു. യുദ്ധം കാരണം ഈ മാസം മാത്രം എണ്ണവിലയിൽ 56 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണിത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 113 ഡോളറിന് മുകളിലെത്തി. അമേരിക്കയിൽ പെട്രോൾ വില ഗാലന് 4 ഡോളർ കടന്നത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായും വലിയ തലവേദനയാകുന്നുണ്ട്.

Smoke billowing near Yazd, in central Iran, after US/Israel attack

യുഎസ് സേന നിലയുറപ്പിക്കുന്നു

അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്ക് ശക്തമായ പ്രത്യാക്രമണമാണ് ഇറാൻ നടത്തുന്നത്. മേഖലയില്‍ യുഎസ് സൈനികര്‍ തങ്ങുന്ന അഞ്ച് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതിനിടെ, യുഎസ് സൈന്യത്തിന്റെ എലൈറ്റ് 82-ാം എയർബോൺ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികർ പശ്ചിമേഷ്യയിൽ എത്തിത്തുടങ്ങി.

FILE PHOTO: U.S. President Donald Trump waves as he boards Air Force One at Palm Beach International Airport in West Palm Beach, Florida, U.S., March 29, 2026. REUTERS/Elizabeth Frantz/File Photo

ട്രംപിന്റെ അന്ത്യശാസനം

ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഏപ്രിൽ 6-നകം ഇറാൻ തീരുമാനമെടുക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. "ഇറാൻ ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ അവരുടെ പവർ പ്ലാന്റുകളും എണ്ണക്കിണറുകളും ഖാർഗ് ദ്വീപിലെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളും ഞങ്ങൾ തകർക്കും." - ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഈജിപ്ത്, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ നിർദ്ദേശങ്ങൾ ‘യുക്തിരഹിത’മാണെന്ന് പറഞ്ഞ് ഇറാൻ തള്ളിക്കളഞ്ഞു. യുദ്ധച്ചെലവിനായി ട്രംപ് ഭരണകൂടം 200 ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ടത് യുഎസ് കോൺഗ്രസിലും വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ENGLISH SUMMARY:

Tensions escalate in the Middle East as an Iranian drone targeted the Kuwaiti oil tanker 'Al-Salmi' near Dubai. Following Donald Trump’s threat to destroy Iran's oil wells if the Strait of Hormuz remains closed, Brent crude prices spiked to $113 per barrel. The 82nd Airborne Division of the US Army has arrived in the region as the White House sets an April 6 deadline for Iran. No casualties were reported in the tanker attack, but global markets face a historic 56% rise in oil prices this month.