ചിത്ര: എക്സ്

ഗള്‍ഫ് മേഖലയില്‍ ആക്രമണം കടുപ്പിച്ച് ഇറാന്‍. ദുബായ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കുവൈറ്റിന്റെ ഭീമൻ എണ്ണക്കപ്പലായ അൽ സൽമിക്കു നേരെ ആക്രമണമുണ്ടായി. കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു. അതേസമയം കപ്പലിലെ 24 ജീവനക്കാരെയും രക്ഷപെടുത്തി. കടലിൽ എണ്ണച്ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും കുവൈത്ത് പെട്രോളിയം  കോർപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും കോര്‍പറേഷന്‍ കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജയിലെ തുറയ്യ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയുടെ കെട്ടിടത്തിന് നേരെയും  ഇറാന്റെ ആക്രമണമുണ്ടായി. കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. ആളപായമില്ല. റിയാദ് പ്രവിശ്യ ലക്ഷ്യമാക്കി വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യുഎഇയിൽ സ്കൂളുകൾക്ക് ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം നീട്ടി.

യുദ്ധം നിര്‍ത്തിയാല്‍ മാത്രമേ ഇനി ചര്‍ച്ചയൊള്ളുവെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ശ്രമങ്ങളുടെ മറവില്‍ ആക്രമണം മറക്കില്ലെന്നും ഇറാന്‍ പ്രതികരിച്ചു. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് ഇറാന്‍ കൂടുതല്‍ നിര്‍ബന്ധനകള്‍ ഏര്‍പ്പെടുത്തി.

അതേസമയം, ഹോര്‍മൂസ് കടലിടുക്ക് കടന്ന രണ്ട് എല്‍പിജി ടാങ്കറുകളിലൊന്ന് ഇന്ന് മുംബൈ തുറമുഖത്ത് എത്തും. നാവികസേനയുടെ അകമ്പടിയിലാണ് എല്‍പിജി ടാങ്കറെത്തുന്നത്. മറ്റൊരു എല്‍പിജി ടാങ്കര്‍ ഏപ്രില്‍ ഒന്നിന് മംഗളൂരു തുറമുഖത്തുമെത്തും. രണ്ട് എല്‍പിജി ടാങ്കറുകളിലുമായി ആകെ 94,000 മെട്രിക് ടണ്‍ എല്‍പിജിയാണുള്ളത്. ഇന്ത്യയിലേക്കുള്ള ആറ് കപ്പലുകളാണ് ഇതുവരെ ഹോര്‍മൂസ് കടന്നത്.

18 കപ്പലുകള്‍ ഹോര്‍മൂസിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ഇനിയും കുടുങ്ങിക്കിടപ്പുണ്ട്. കപ്പലുകളിലേറെയും അസംസ്കൃത എണ്ണയും പ്രകൃതി വാതകവുമാണുള്ളത്. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍പിജി, PNG എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിക്കുന്നത്. എന്നാല്‍ യൂറിയ ഉല്‍പ്പാദനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരുമാസം പിന്നിട്ട യുദ്ധത്തില്‍ ഇതുവരെ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും ഒരാളെ കടലില്‍ വീണ് കാണാതാവുകയും ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

Tensions peaked in the Persian Gulf as Iran attacked the Kuwaiti oil tanker 'Al Salmi' at Dubai port, causing a fire and potential oil spill. Attacks also targeted Sharjah's Thuraya Telecommunications building. Saudi Arabia intercepted three ballistic missiles aimed at Riyadh. In response to the escalating threats, UAE has extended online schooling until April 17, as Iran demands an end to the war before any peace talks.