President Donald Trump speaks during the swearing in for Homeland Security Secretary Markwayne Mullin in the Oval Office of the White House, Tuesday, March 24, 2026, in Washington. (AP Photo/Alex Brandon)(AP03_25_2026_000005B)
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ 15 ഇന പദ്ധതി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന രാജ്യാന്തര സമ്മര്‍ദം ശക്തമായതിന് പിന്നാലെ ട്രംപ് ഏകപക്ഷീയമായി അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയും ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ തുടര്‍ന്നു. ചര്‍ച്ച മതിയാക്കാനും യുദ്ധം ചെയ്യാനുമുള്ള നിര്‍ദേശം വാര്‍ സെക്രട്ടറി പീറ്റ് ഹെഗ്സെതിന്‍റെയായിരുന്നെന്നാണ്
ട്രംപിന്‍റെ വിശദീകരണം. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ഇതനുസരിച്ച് ഇറാന്‍ ആണവായുധം ഉണ്ടാക്കരുത്, ഹിസ്ബുല്ലയും ഹൂതികളും പോലെയുള്ള സായുധ ഗറില്ല സംഘങ്ങള്‍ക്കുള്ള സഹായം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് വീണ്ടും പൂര്‍ണമായും തുറക്കണം, ഒരു മാസത്തേക്ക് വെടിനിര്‍ത്തലിന് ധാരണയിലെത്തണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ഇതിന് പുറമെ ഇറാന്‍റെ മിസൈല്‍ ശേഷി ഇല്ലാതാക്കണമെന്നും, സൈനിക ഘടനയില്‍ മാറ്റം വരുത്തണമെന്നുമെല്ലാമുള്ള നിര്‍ദേശങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പകരമായി ഇറാന്‍റെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അമേരിക്ക ഭാഗികമായി പിന്‍വലിക്കും, ടെഹ്റാന്‍റെ സമ്പദ്വ്യവസ്ഥയെ പുനരുദ്ധരിക്കാന്‍ സഹായം നല്‍കും, ഇറാന് പുറത്ത് യുഎന്‍ മേല്‍നോട്ടത്തില്‍ ജനങ്ങളുടെ ആവശ്യത്തിനായുള്ള ആണവ പദ്ധതിക്ക് അനുമതി നല്‍കും എന്നിവയാണ് വാഗ്ദാനങ്ങള്‍.
എന്നാല്‍ മിസൈല്‍ ശേഷി സംബന്ധിച്ച് ട്രംപ് ഉയര്‍ത്തുന്ന ആവശ്യവും ഇറാന്‍റെ പരമാധികാരത്തിന് മേലുള്ള കൈകടത്തലുകളും ടെഹ്റാന്‍ അംഗീകരിച്ചേക്കില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്കിസ്ഥാനിലെ മധ്യസ്ഥര്‍ വഴി 15 ഇന പദ്ധതി ഇറാനെ ധരിപ്പിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ്–ഇറാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായതിനെ അമേരിക്ക നേരത്തെ സ്വാഗതം ചെയ്തിരുന്നു. അടുത്തയാഴ്ച ആദ്യം തന്നെചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്‍റെ മരുമകന്‍ ജാറെദ് കുഷ്നറും മധ്യപൂര്‍വ ദേശത്തെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും യുഎസ് പ്രതിനിധികളാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരിരുവരുമായും ചര്‍ച്ചകള്‍ക്കില്ലെന്നും യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സെത്തിയാല്‍ സംസാരിക്കാമെന്നും ഇറാന്‍ പറഞ്ഞതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, യാതൊരു ചര്‍ച്ചകള്‍ക്കും ഇറാന്‍ ഇതുവരെ തയാറായിട്ടില്ലെന്നും വിപണിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ട്രംപിന്‍റെ അടവാണിതെന്നും വെടിനിര്‍ത്തല്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്‍ തുറന്നടിച്ചിരുന്നു. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും സൈനിക നീക്കം യുഎസ് ശക്തിപ്പെടുത്തുന്നുണ്ട്. ആയിരം സൈനികരെ കൂടി മധ്യപൂര്‍വദേശത്തേക്ക് വിന്യസിക്കുകയാണ് അമേരിക്കയെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ വിലയേറിയ സമ്മാനം ഇറാന്‍ അമേരിക്കയ്ക്ക് സമ്മാനിച്ചുവെന്നും അത് ഹോര്‍മുസുമായി ബന്ധപ്പെട്ടതാണെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ പ്രത്യക്ഷത്തില്‍ അടഞ്ഞു കിടക്കുന്ന ഹോര്‍മുസ് കടലിടുക്കുമായും ക്രൂഡ് ഓയിലും പ്രകൃതി വാതകവുമായും അഭേദ്യമായ ബന്ധമുള്ളതാണ് സമ്മാനമെന്നും ട്രംപ് വെളിപ്പെടുത്തി. അതേസമയം എന്താണതെന്ന് തുറന്ന് പറയാന്‍ ട്രംപ് തയാറായില്ല. 'ഇന്നലെ മഹത്തായൊരു കാര്യം അവര്‍ ചെയ്തു. അമേരിക്കയ്ക്കൊരു സമ്മാനം തന്നു. അതിന്നാണ് ലഭിച്ചത്. സാമ്പത്തികമായി അതിന്‍റെ മൂല്യം വലുതാണ്. എന്താണ് അതെന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ അത് സുപ്രധാനമാണ്' എന്നായിരുന്നു വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞത്. കൃത്യമായ ആളുകളുമായാണ് താന്‍ ഇടപെട്ടതെന്നാണ് സമ്മാനത്തില്‍ നിന്ന് താന്‍ മനസിലാക്കുന്നെതന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഹോര്‍മുസിലൂടെ ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് കടന്ന് പോകാമെന്ന ഇറാന്‍റെ പ്രഖ്യാപനമാണിതെന്നാണ് വിലയിരുത്തല്‍. ശത്രു രാജ്യങ്ങളല്ലാത്തവരുടെ ഇന്ധനക്കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാമെന്ന് ഇറാന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കിലും യുദ്ധസാഹചര്യത്തില്‍ ആരും അതിന് തയാറായില്ല. ഇതോടെ രാജ്യാന്തര തലത്തില്‍ ഇന്ധനനീക്കം നിലച്ചു.നാമമാത്രമായ കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് വഴി കടന്നുപോയത്.