Image Credit:X

Image Credit:X

ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആണവനിലയത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ മിസൈല്‍ അവശിഷ്ടം പതിച്ചുവെന്നും പക്ഷേ നാശനഷ്ടങ്ങളില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ആണവച്ചോര്‍ച്ച ഇല്ലെന്ന് ഇറാന്‍ ഐഎഇഎയെ അറിയിച്ചു. 'അമേരിക്കന്‍–സയണിസ്റ്റ് ശത്രുക്കള്‍ വീണ്ടും ബുഷെഹര്‍ ആണവ പ്ലാന്‍റിനെ ആക്രമിച്ചു. ആക്രമണത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടമോ സംഭവിച്ചിട്ടില്ല' എന്നും ആണവ കേന്ദ്രം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ചോര്‍ച്ചയില്ലെന്നും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം സാധാരണനിലയില്‍ പുരോഗമിക്കുന്നുവെന്നും ഇറാന്‍  വ്യക്തമാക്കിയെന്ന് ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു. ആണവകേന്ദ്രങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം, ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് സമ്മതിച്ചതായും താന്‍ മുന്നോട്ട് വച്ച 15ഇന പദ്ധതി ഇറാന്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ട്രംപിന്‍റെ വാദങ്ങളോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. 'ഒരു സാഹചര്യത്തിലും ആണവായുധം നിര്‍മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് 2015 ല്‍ തന്നെ ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് തന്നെ ഇതൊരു പുതിയ കാര്യമായി ട്രംപ് അവതരിപ്പിക്കുന്നതില്‍ കഴമ്പില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. 

അതിനിടെ മധ്യപൂര്‍വ ദേശത്തേക്ക് 1000 സൈനികരെ കൂടി യുഎസ് വിന്യസിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 82മത് എയര്‍ബ്രോണ്‍ വിഭാഗത്തില്‍ നിന്നുള്ളവരെയാണ് മധ്യപൂര്‍വദേശത്തേക്ക് അയയ്ക്കുകയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫസ്റ്റ് ബ്രിഗേഡ് കോംബാറ്റ് ടീമും മേജര്‍ ജനറല്‍ ബ്രാന്‍ഡന്‍ ടെറ്റ്മയറും ഉള്‍പ്പെട്ടതാണ് സൈന്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ട്രംപിന്‍റെ 15 ഇന സമാധാന പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് ബാരല്‍ 98.28 ഡോളറാണ് വില. യുഎസ് വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് ബാരലിന് 87.68 ഡോളറുമാണ് നിലവിലെ വില.

ENGLISH SUMMARY:

Israel targeted Iran's Bushehr nuclear facility, with missile debris falling inside the compound. Iranian officials and the IAEA confirmed no casualties or radiation leaks, stating the plant remains operational. Meanwhile, the US deployed 1,000 additional troops to the Middle East. President Trump claims Iran agreed to a 15-point peace plan, causing Brent crude prices to drop below $99.