FILE PHOTO: An Indian liquefied petroleum gas (LPG) carrier, Shivalik, arrives at Mundra Port via the Strait of Hormuz, amid the U.S.-Israel conflict with Iran, in Gujarat, India, March 16, 2026. REUTERS/Amit Dave/File Photo
ഇന്ത്യന്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ഹോര്‍മുസിലൂടെ കപ്പലുകള്‍ കടക്കാന്‍ ഇറാന്‍റെ അനുമതി ആവശ്യമില്ലെന്നും സുരക്ഷ പരിശോധിച്ചാണ് കപ്പലുകള്‍ നീങ്ങുന്നതെന്നും ഷിപ്പിംഗ് മന്ത്രാലയം സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. ഹോര്‍മുസ് കടക്കാന്‍ കപ്പലുകള്‍ വലിയ തുക ഇറാന് നല്‍കുന്നുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് പ്രതികരണം.
''പ്രത്യേക സാഹചര്യങ്ങളായതിനാൽ, സുരക്ഷയും മറ്റും കണക്കിലെടുത്താണ് തീരുമാനമെടുക്കുന്നത്. അനുമതി ആവശ്യമില്ല. കപ്പലുകളുടെ സുരക്ഷിത സഞ്ചാരത്തിന് പ്രൊട്ടക്ഷന്‍ മണി നല്‍കുന്നില്ല'' എന്നും അദ്ദേഹം വ്യക്തമാക്കി. ഹോര്‍മുസ് കടക്കുന്ന കപ്പലൊന്നിന് 2 മില്യണ്‍ യു.എസ് ഡോളര്‍ (18.8 കോടി രൂപ) ഇറാന്‍ ഈടാക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. കപ്പലുകളില്‍ നിന്നും പണം പിരിച്ചു തുടങ്ങിയതായി ഇറാന്‍ പാര്‍ലമെന്‍റിന്‍റെ ദേശിയ സുരക്ഷ കമ്മിറ്റി അംഗം അലായുദ്ദീൻ ബോറൂജെർഡി വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ഇന്ത്യന്‍ എല്‍പിജി ടാങ്കറുകളായ പൈന്‍ ഗ്യാസ്, ജാഗ് വസന്ത് എന്നിവ ഹോര്‍മുസ് കടന്നു. 20 ഇന്ത്യന്‍ കപ്പലുകളും 540 നാവികരും നിലവില്‍ ഹോര്‍മുസില്‍ കുടുങ്ങി കിടപ്പുണ്ട്. കുടങ്ങി കിടക്കുന്ന അഞ്ച് എല്‍പിജി ടാങ്കറുകളിലായി 2.30 ലക്ഷം ടണ്‍ എല്‍പിജിയാണുള്ളത്. മറ്റൊരു ടാങ്കറില്‍ എല്‍പിജി നിറയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്. നാല് ക്രൂഡ് ഓയില്‍ ടാങ്കര്‍, ഓരോ എല്‍.എന്‍.ജി ടാങ്കര്‍, കെമിക്കല്‍ ഉല്‍പ്പന്നങ്ങളടങ്ങിയ കപ്പല്‍, മൂന്ന് കണ്ടെയ്നര്‍ കപ്പലുകള്‍, രണ്ട് ബള്‍ക്ക് കാരിയര്‍ എന്നിവയാണ് കുടുങ്ങികിടക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തിൽ ഇടപെട്ടിട്ടുണ്ട്. നേരത്തെ രണ്ട് എൽപിജി ടാങ്കറുകളായ ശിവാലിക്, നന്ദാദേവി എന്നിവ കടലിടുക്ക് കടന്നിരുന്നു. തിങ്കളാഴ്ച ഹോര്‍മുസ് കടന്ന ജഗ് വസന്ത് നാളെയോടെ കണ്ട്‍ല തുറമുഖത്തിലെത്തും. പൈന്‍ ഗ്യാസ് ന്യു മംഗളൂരു തുറമുഖത്തിലാണ് എത്തുക.