ബഹ്റൈനിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ആകാശത്തേക്ക് പുക ഉയരുന്നു (ഫയല്‍ ചിത്രം: Reuters)

ബഹ്റൈനില്‍ കുട്ടികള്‍ ഉള്‍പ്പടെ 32 പേര്‍ക്ക് പരുക്കേറ്റത് അമേരിക്കയുടെ മിസൈല്‍ ആക്രമണത്തിലെന്ന് കണ്ടെത്തല്‍. ഈമാസം ഒന്‍പതിനായിരുന്നു ജനവാസമേഖലയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ ഡ്രോണ്‍ ആണ് വീണതെന്നായിരുന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡും ബഹ്റൈനും പ്രതികരിച്ചത്. എന്നാല്‍ അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ ഇന്‍റര്‍സെപ്റ്ററാണ് ജനവാസ മേഖലയില്‍ പതിച്ചതെന്ന് വിശദമായ അന്വേഷണത്തില്‍ ബഹ്റൈന്‍ കണ്ടെത്തി. ഇതോടെ ഇറാന്‍റെ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വിശദീകരണം വന്നു. 

എന്നാല്‍ ഇറാന്‍ തൊടുത്തുവെന്ന് പറയുന്ന ഡ്രോണിന്‍റെ അവശിഷ്ടം ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഇതിന് പിന്നാലെയാണ് സാറ്റലൈറ്റ് ചിത്രങ്ങളടക്കം വിശദപരിശോധനയ്ക്ക് വിധേയമാക്കിയത്. മിസൈല്‍ ആകാശത്തേക്ക് കുതിക്കുന്നതും പെട്ടെന്ന് വീടുകള്‍ക്ക് മുകളിലേക്ക് പതിക്കുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു. 

രണ്ട് സാധ്യതകളാണ് അപകടത്തിന്  കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മിസൈല്‍ ഡ്രോണിനെ ഇന്‍റര്‍സെപ്റ്റ് ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ചു, അതല്ലെങ്കില്‍ ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ സ്വയം പൊട്ടിത്തെറിച്ചു. ഇതുവരെയും ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിക്ക് അമേരിക്കയുടെ പേട്രിയറ്റ് മിസൈല്‍ സ്വയം പൊട്ടിത്തെറിച്ചതാകാമെന്ന വാദത്തിന് ബലമേറി.

ബഹ്റൈനെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും അമേരിക്കയും ഇസ്രയേലും ആക്രമിച്ച ശേഷം തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇറാന്‍ മാര്‍ച്ച് ഒന്‍പതിന് തന്നെ പ്രതികരിച്ചിരുന്നു. യുദ്ധത്തില്‍ ഇതാദ്യമല്ല അമേരിക്ക ഇത്തരത്തില്‍ ആക്രമണം നടത്തുന്നത്. ഫെബ്രുവരി 28ന് ഇറാനിലെ മിനാബില്‍ സ്കൂളിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തുകയും ഇതില്‍ 51 കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സ്കൂള്‍ തങ്ങളല്ല ആക്രമിച്ചതെന്നും ഇറാന്‍ സൈന്യമാണെന്നുമായിരുന്നു അമേരിക്കന്‍ വാദം. എന്നാല്‍ ഈ വാദം കളവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. അതേസമയം, അമേരിക്കയാണ് മാര്‍ച്ച് ഒന്‍പതിലെ ആക്രമണത്തിന് പിന്നിലെന്ന വിവരം പുറത്ത് വന്നതില്‍ വാഷിങ്ടണോ, ബഹ്റൈനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

New investigations into the March 9 attack in Bahrain reveal that a US Patriot missile interceptor, not an Iranian drone, struck a residential area, injuring 32 people including children. While the US and Bahrain initially blamed Iran, satellite imagery and video evidence suggest a technical failure of the interceptor. This follows a pattern of misinformation, including the Feb 28 school attack in Minab