Emergency response personnel work after Iranian missile barrages struck Dimona, amid the U.S.-Israel conflict with Iran, in southern Israel March 21, 2026. REUTERS/Ilan Assayag ISRAEL OUT. NO COMMERCIAL OR EDITORIAL SALES IN ISRAEL
മധ്യപൂര്‍വദേശത്ത് യുദ്ധം 23–ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം അതിശക്തമാക്കി ഇറാന്‍. ഇസ്രയേലിന്‍റെ തന്ത്രപ്രധാനമായ ആണവഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ മേഖലയില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വ്യോമപ്രതിരോധം പ്രവര്‍ത്തനക്ഷമമായിരുന്നുന്നുവെന്നും പക്ഷേ ആറഡിലേക്കെത്തിയ മിസൈലുകളെ തടയാന്‍ കഴിഞ്ഞില്ലെന്നും ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി. ഇറാന്‍റെ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഡിമോണയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്കാണ് പരുക്കേറ്റതെന്നും ഇത് ഭീകരവാദമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം എക്സ് പോസ്റ്റില്‍ കുറിച്ചു.
ഇസ്രയേലിനെ സംബന്ധിച്ച് പ്രയാസമേറിയ വൈകുന്നേരമാണ് കടന്നുപോയതെന്നും ഇസ്രയേല്‍ പൗരന്‍മാരുടെ വേദനയില്‍ താന്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ക്കിടെ രണ്ടാം തവണയാണ് ഇസ്രയേലിന്‍റെ വ്യോമപ്രതിരോധം ഭേദിച്ച് ഇറാന്‍റെ മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കുന്നത്.
യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇറാന്‍ ഇത്ര പ്രഹരശേഷിയുള്ള മിസൈലുകള്‍ തൊടുക്കുന്നതെന്നും 4000 കിലോമീറ്ററുകള്‍ വരെ ഇറാന്‍റെ മിസൈലുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നുവെങ്കില്‍ അത് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ലെന്നും ഇസ്രയേല്‍ സൈന്യം എക്സ് പോസ്റ്റില്‍ കുറിച്ചു. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്നും ലണ്ടനിലും പാരിസിലും ബെര്‍ലിനിലുമെല്ലാം ഈ മിസൈലുകള്‍ എത്തിയേക്കാമെന്നും ഐഡിഎഫ് ആരോപിക്കുന്നു.
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് കേടുപാടുകളുണ്ടായിട്ടില്ലെന്നും ആണവവികിരണം സംഭവിച്ചിട്ടില്ലെന്നും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി അറിയിച്ചു. റിയാദിലെ ഇറാനിയന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മിലിറ്ററി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് നിര്‍ദേശം. അതിനിടെ യുഎഇയുടെ വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞതായി അധികൃതര്‍ അറിയിച്ചു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമമുണ്ടായി. ഇറാഖില്‍ ബാഗ്ദദ് വിമാനത്താവളത്തിന് സമീപം യുഎസ് നയതന്ത്ര ഓഫിസിനെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണമുണ്ടായി. ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്റെ കിഴക്കന്‍ മേഖലയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തി.
യുദ്ധം അറുതിയില്ലാതെ തുടരുന്നതിനിടെ സമാധാനശ്രമങ്ങള്‍ക്ക് യുഎസും ഇസ്രയേലും ശ്രമം ആരംഭിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ പ്രതിനിധികളായ ജാറെദ് കുഷ്നറും സ്റ്റീവ് വിറ്റ്‌കോഫും ഖത്തര്‍, ഈജിപ്ത്, ബ്രിട്ടന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യുഎസും ഇറാനും നേരിട്ട് ചര്‍ച്ചകളില്‍ പങ്കാളികളല്ല. ഹോര്‍മുസ് കടലിടുക്ക് തുറക്കുക,അഞ്ച് വർഷത്തേക്ക് മിസൈൽ പദ്ധതിയോ പരീക്ഷണമോ പാടില്ല, യുറേനിയം സമ്പുഷ്ടീകരണം നടത്തരുത്, ആണവ റിയാക്ടറുകള്‍ റദ്ദാക്കുക, മിസൈലുകളുടെ പരിധി 1000 ല്‍ താഴെയായി നിശ്ചയിക്കുക, ഹിസ്ബുല്ല, ഹൂതികള്‍, ഹമാസ് എന്നീ സായുധസംഘങ്ങള്‍ക്ക് ധനസഹായം നല്‍കരുത് തുടങ്ങിയ ആറോളം ഉപാധികളാണ് യുഎസ് മുന്നോട്ടുവയ്ക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ സാഹചര്യം സാധാരണ നിലയിലാക്കാൻ യുഎസും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നത് നിർത്തണമെന്നും ഭാവിയിൽ ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. നഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ ആവശ്യത്തിന് പകരം മരവിപ്പിച്ച സാമ്പത്തികസ്രോതസുകള്‍ തുറന്നുനല്‍കുകയെന്നതായിരിക്കും യുഎസിന്റെ പദ്ധതി. ദീര്‍ഘകാല കരാറിലേക്കെത്തും മുന്‍പ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ സാധ്യതകളും പരിഗണിക്കുന്നുണ്ട്. അതേസമയം, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളും സജീവമായി ഗള്‍ഫിന്റെ പങ്കാളിത്തത്തോടെ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.