Image Credit : Instagram
ഇറാനില്‍ 19കാരനായ കായികതാരത്തെ പരസ്യമായി തൂക്കിലേറ്റിയ നടപടിയില്‍ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ് ലോകം. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിഷ്കരുണം ഇല്ലായ്മ ചെയ്യുന്ന രീതി ഇറാനില്‍ ഇതാദ്യമല്ലെങ്കിലും സാലിഹ് മുഹമ്മദിയെന്ന ഗുസ്തി താരത്തിന്‍റെ വിയോഗവാര്‍ത്ത തികച്ചും അവിശ്വസനീയമായിരുന്നു. 19ാം പിറന്നാളിന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഇറാന്‍ ഭരണകൂടം സാലിഹ് മുഹമ്മദിയെ തൂക്കിലേറ്റിയത്. സാലിഹ് മുഹമ്മദിക്കൊപ്പം സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നീ യുവാക്കളുടെയും വധശിക്ഷ ഇറാന്‍ നടപ്പിലാക്കി. മൂവര്‍ക്കെതിരെയും ആരോപിക്കപ്പെട്ടത് ഒരേ കുറ്റം. 2026 ജനുവരി 8ന് നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. പ്രതിഷേധത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി.
രാജ്യാന്തര ഗുസ്തി മത്സരത്തിൽ വെങ്കല മെഡല്‍ നേടിയ കൗമാര പ്രതിഭയുടെ വധശിക്ഷ ഇറാനിലെ കായികമേഖലയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. ക്രൂരമായ പീഡനങ്ങളിലൂടെയും മര്‍ദനത്തിലൂടെയുമാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് കോടതിയില്‍ പറഞ്ഞെങ്കിലും ആ വാദങ്ങളൊന്നും കോടതി ചെവികൊണ്ടില്ല. ദൈവത്തിനെതിരായ യുദ്ധം അഥവാ 'മുഹാരെബെ' എന്ന കുറ്റം ചുമത്തി കോടതി സാലിഹ് മുഹമ്മദിക്കും മറ്റ് 2 പേര്‍ക്കുമെതിരെ വധശിക്ഷ വിധിച്ചു. സാലിഹിന് തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അഭിഭാഷകനെയോ നീതിയുക്തമായ വിചാരണയോ അനുവദിച്ചില്ല എന്നത് അതീവ ഗൗരവകരമാണെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. ഇതൊരു ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകൻ നിമ ഫാറും തുറന്നടിച്ചു.
സാലിഹിനും ഒപ്പമുളള 2 പേര്‍ക്കും മതിയായ പ്രതിരോധത്തിന് അവസരം നൽകിയില്ലെന്നും കുറ്റസമ്മതം നടത്താൻ അവരെ നിർബന്ധിച്ചെന്നും ആരോപിച്ചു ആംനസ്റ്റി ഇന്റർനാഷണലും രംഗത്തെത്തിയിരുന്നു. ഗുസ്തി താരം കൂടിയായ സാലിഹ് മുഹമ്മദിയുടെ അറസ്റ്റും വധശിക്ഷയും അമേരിക്കയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. സാലിഹിന്‍റെയും മറ്റു രണ്ടുപേരുടെയും വധശിക്ഷ നപ്പാക്കുന്നത് നിർത്തലാക്കണമെന്ന് ജനുവരിയിൽ ഇറാനോട് യുഎസ്ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഇടപെടലുകള്‍ക്കൊന്നും സാലിഹിന്‍റെയും മറ്റ് 2 പേരുടെയും വിധി മാറ്റിയെഴുതാനായില്ല. 2020-ൽ തൂക്കിലേറ്റപ്പെട്ട ഗുസ്തി താരം നവീദ് അഫ്കാരി അതേ വിധി ആവര്‍ത്തിക്കപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് പേരെയും ഖ്വോം നഗരത്തിൽ പരസ്യമായാണ് തൂക്കിലേറ്റിയത്. പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യവും ഇറാൻ സുപ്രീം കോടതിയുടെ അംഗീകാരവും ഉൾപ്പെടെയുള്ള നിയമനടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സർക്കാർ അവകാശപ്പെടുന്നു.
സാമ്പത്തിക തകർച്ചയും കറൻസിയുടെ മൂല്യശോഷണവും ഭരണകൂടത്തോടുള്ള രോഷവും കാരണമായിരുന്നു 2026ന്‍റെ തുടക്കത്തില്‍ ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാലിഹ് മുഹമ്മദി അടക്കം ഒട്ടേറെപ്പേര്‍ക്കെതിരെ വലിയ കുറ്റങ്ങള്‍ ചുമത്തിയാണ് അധികൃതർ ഇതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ 3 പേരുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നു. സംഭവത്തിൽ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്, ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി എന്നിവർ ഞെട്ടൽ രേഖപ്പെടുത്തി.