പെരുമ്പാവൂർ മാറമ്പിള്ളി കുന്നുവഴിയിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ദമ്പതികളുടെ വാര്‍ത്ത നമുക്ക് അറിയാവുന്നതാണ്. ആദ്യഘട്ടം മുതല്‍ തന്നെ രാജ്യാന്തര ബന്ധമുള്ള ലഹരിശൃംഖലയുടെ കണ്ണികളാണ് പിടിയിലായവരെന്ന് തുടക്കം മുതല്‍ തന്നെ മനസിലായിരുന്നു. തായ്ലൻഡിലെ ബാങ്കോക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് ലഹരി മാഫിയയുടെ കേരളത്തിലെ പ്രധാന വിതരണക്കാരാണ് അറസ്റ്റിലായ ഞാറയ്ക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷും, ഭാര്യ അനികയും എന്ന് ആദ്യഘട്ടത്തില്‍ കണ്ടെത്തി.
മലേഷ്യയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് മനസിലാക്കി. ബാങ്കിലൂടെ വൻ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും സൂചനയുണ്ടായിരുന്നു. എറണാകുളം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശൃംഖലയുടെ കണ്ണികളായിരുന്നു ഈ ദമ്പതികള്‍. മുഖ്യ സൂത്രധാരന്‍ മലയാളിയാണെന്ന് പിന്നീട് മനസിലാക്കി. ഹൈബ്രിഡ് കഞ്ചാവ് അടക്കമുള്ളവ കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കയറ്റി അയച്ചിരുന്നത് ഇയാളായിരുന്നു.
രാജ്യാന്തര ബന്ധമുള്ള സംഘം അടുത്തിടെ 60 കോടി രൂപയുടെ ലഹരി വ്യാപാരം നടത്തിയെന്നാണ് വിവരം. എന്നാൽ, 18 കോടി രൂപയുടെ ലഹരി മാത്രമാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. ജൂണ്‍ 28നാണ് പ്രധാനകണ്ണി ബെംഗളൂരുവില്‍ പിടിയിലാകുന്നത്. തായ്ലൻഡ്, മലേഷ്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നു ലഹരിക്കടത്തു നിയന്ത്രിച്ചിരുന്ന പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ അടക്കം 5 പ്രതികൾ കൂടി അറസ്റ്റിലായി. ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ, പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത്, ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ് , ഒറ്റപ്പാലം ചളവറ പരിയാംതൊടി സഞ്ജയ് എന്നിവരെയും വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടി. ജൂലൈ 12ന് കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ്, കോഴിക്കോട് വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് എന്നിവരെ പിടികൂടി.
മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാടുകളുടെ രേഖകൾ, വിദേശ യാത്രാ രേഖകൾ, ഡിജിറ്റൽ തെളിവുകൾ, ലഹരിമരുന്ന് കടത്താൻ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഈ കേസില്‍ മുഖ്യപ്രതിയിലേക്ക് എത്താന്‍ അന്വേഷണസംഘത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രധാനപ്രതി തായ്ലൻഡില് ഒളിവില്‍ കഴിയുകയാണ്. താമരശേരി സ്വദേശിയായ ഇയാള്‍ ആറ് വര്‍ഷമായി ഇന്ത്യക്ക് പുറത്ത് നിന്ന് ലഹരിക്കച്ചവടം നിയന്ത്രിക്കുകയാണ്. അതായത്, ഇത്രയും വലിയ ലഹരിശൃംഖലയുടെ പ്രധാനി മലയാളി ആണെന്നത് ഞെട്ടലോടെയാണ് എല്ലാവരും കാണുന്നത്. ചില്ലറ പുള്ളിയല്ല രാമനാട്ടുകര സ്വര്‍ണം പൊട്ടിക്കല്‍ കേസിലെയും പ്രതി ഈ താമരശേരി സ്വദേശിയാണ്. താമരശേരിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തിയെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രധാന പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.