TOPSHOT - Israeli Prime Minister Benjamin Netanyahu gives a press conference in Jerusalem on March 19, 2026. (Photo by Ronen Zvulun / POOL / AFP) /
ഇറാന്‍ യുദ്ധത്തിലേക്ക് അമേരിക്കയെ ആരും വലിച്ചിഴച്ചതല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ട്രംപിനെ ഒരു യുദ്ധത്തിനായി നിര്‍ബന്ധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നും അമേരിക്കയ്ക്ക് ഗുണമെന്ന് തോന്നുന്നതല്ലേ ട്രംപ് ചെയ്യുന്നതെന്നും നെതന്യാഹു പറയുന്നു. 'എന്താണ് ചെയ്യേണ്ടതെന്ന് പ്രസിഡന്‍റ് ട്രംപിനോട് പോയി പറയാന്‍, അല്ലെങ്കില്‍ ഉപദേശിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അമേരിക്കയ്ക്ക് ഗുണകരമാകുമെന്ന് ട്രംപിന് തോന്നുന്നതാണ് അദ്ദേഹം ചെയ്യുന്നത്'- നെതന്യാഹു വിശദീകരിച്ചു. ഇറാന്‍റെ എണ്ണ, വാതകപ്പാടങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത് ഇസ്രയേല്‍ തനിച്ചാണ് എന്നും നെതന്യാഹു അവകാശപ്പെട്ടു.
സൗത്ത് പാര്‍സിലെ ഇന്ധനപ്പാടത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തീ ഉയരുന്നു (Image Credit: Reuters)
'അസലൂയ ഗ്യാസ് കോമ്പൗണ്ട് ആക്രമിച്ചത് ഇസ്രയേല്‍ തനിച്ചാണ്. ഇനിയൊരു ആക്രമണം നടത്തരുതെന്ന് പ്രസിഡന്‍റ് ട്രംപ് ആവശ്യപ്പെട്ടു. ഞങ്ങള്‍ ഇനി അവിടെ ആക്രമിക്കില്ല'- എന്നും നെതന്യാഹു പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തില്‍ ഇസ്രയേലും അമേരിക്കയും വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ആളുകള്‍ വിചാരിക്കുന്നത്ര യുദ്ധം നീണ്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.' മിസൈല്‍ നിര്‍മിക്കാനുള്ള ഇറാന്‍റെ ശേഷിയെ ഞങ്ങള്‍ പൂര്‍ണമായും ഇല്ലാതെയാക്കുകയാണ്. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഒരു ശേഷിയും ഇറാനിപ്പോള്‍ ബാക്കിയില്ല. ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടാക്കാനും അവര്‍ക്ക് കഴിയില്ല എന്നും നെതന്യാഹു അവകാശപ്പെട്ടു. നെതന്യാഹുവിന്‍റെ പ്രസംഗം മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്‍പ് ജെറുസലേമിലും ഇസ്രയേലിന്‍റെ ഹൈഫയിലെ റിഫൈനറിയിലും ഇറാന്‍റെ കനത്ത മിസൈല്‍ ആക്രമണം ഉണ്ടായി.
ഇറാന്‍റെ വാതകപ്പാടങ്ങളില്‍ ഇനി ആക്രമണം നടത്തരുതെന്ന് താന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനി അവിടെ ആക്രമണം ഉണ്ടാവില്ലെന്നുമായിരുന്നു ഊര്‍ജവില നിയന്ത്രണം വിട്ട് കുതിച്ചുയര്‍ന്നതോടെ ട്രംപിന്‍റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതകപ്പാടമായ ഇറാനിലെ സൗത്ത് പാഴ്സില്‍ ഇന്നലെയാണ് ഇസ്രയേല്‍ ബോംബിട്ടത്. ഖത്തറുമായി പങ്കിടുന്നതാണ് ഈ വാതകപ്പാടം.
തിരിച്ചടിച്ച ഇറാന്‍ ഖത്തറിലെ റാസ് ലഫാനില്‍ വന്‍ ആക്രമണമാണ് നടത്തിയത്. നികത്താന്‍ കഴിയാത്ത നഷ്ടമുണ്ടായെന്ന് ഖത്തര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വാതകവിലയും കുതിച്ചുയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ– പ്രകൃതിവാതക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും ജനങ്ങള്‍ ഇവിടെ നിന്ന് എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തറിലെയും സൗദിയിലെയും യുഎഇയിലെയും റിഫൈനറികളുടെ പേരുകള്‍ സഹിതമായിരുന്നു ഇറാന്‍റെ മുന്നറിയിപ്പ്. ഇതോടെ ഇസ്രയേലിനെതിരെ ഒമാനും യുഎഇയും രംഗത്തെത്തി. ഇറാനില്‍ നടത്തിയ ആക്രമണം ശരിയല്ലെന്നും അപലപിക്കുന്നുവെന്നും ഗള്‍ഫ് രാജ്യങ്ങള്‍ തുറന്നടിച്ചു. സംഘര്‍ഷം രൂക്ഷമായി തുടരുന്നതോടെ ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 110 ഡോളറിന് മുകളിലാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ എതിര്‍പ്പും ആഗോള ഇന്ധന വിപണിയിലെ വിലക്കയറ്റവും കടുത്ത സമ്മര്‍ദമാണ് യുഎസിനും ഇസ്രയേലിനും ഏല്‍പ്പിക്കുന്നത്. റാസ് ലഫാനില്‍ ഇറാന്‍ ഏല്‍പ്പിച്ച പ്രഹരം വര്‍ഷങ്ങളെടുത്താലും നീങ്ങില്ലെന്നാണ് വിലയിരുത്തല്‍. ലോകത്ത് വിതരണം ചെയ്യാനുള്ള എല്‍എന്‍ജിക്കുള്ള അഞ്ചിലൊന്നും ഇവിടെയാണ് സംസ്കരിക്കുന്നത്. ഇന്ധനവില ഇങ്ങനെ കുതിച്ചുയര്‍ന്നാല്‍ നവംബറില്‍ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ തനിക്ക് വിനയാകുമെന്നാണ് ട്രംപ് കരുതുന്നത്. അതുകൊണ്ട് തന്നെ ഹോര്‍മുസ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ട്രംപ് സഖ്യകക്ഷികളുടെ സഹായം തേടിയിട്ടുമുണ്ട്.