kharg-island

ഇറാന്‍റെ അസംസ്കൃത എണ്ണകയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന ഒരു കൊച്ചുദ്വീപ്. ലോക സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ‘കറുത്ത സ്വര്‍ണത്തിന്‍റെ കവാടം’. ഇറാന്റെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, വെറും എണ്ണായിരത്തോളം പേര്‍ മാത്രം അധിവസിക്കുന്ന ആ ദ്വീപിനെയാണ് ഉപ്പോള്‍ യു.എസ് ലക്ഷ്യം വച്ചിരിക്കുന്നത്. ഖാര്‍ഗ് ദ്വീപിലേക്ക് നടത്തിയ ആക്രമണം പശ്ചിമേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോംബിങ് അറ്റാക്ക് എന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഹോർമൂസിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന് മുന്‍പേതന്നെ യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. ഇറാന്റെ എണ്ണ കയറ്റുമതി സംവിധാനം തളർത്തി അവരുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കുമെന്ന് ഇസ്രായേൽ രാഷ്ട്രീയ നേതാക്കളും പ്രഖ്യാപിച്ചിരുന്നു.

എന്തുകൊണ്ട് ഖാർഗ്? 

പവിഴപ്പുറ്റുകളാൽ രൂപപ്പെട്ട ദ്വീപാണ് ഖാര്‍ഗ്. ഇറാന്‍റെ ഏറ്റവും മൂല്യമേറിയ എണ്ണ കയറ്റുമതി കേന്ദ്രം എന്ന പേരാണ് വെറും 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഖാര്‍ഗിനെ ലോകപ്രശസ്തമാക്കിയത്.  വലിപ്പത്തില്‍ ചെറുതെങ്കിലും ഇറാന്‍റെ പെട്രോളിയം കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യാൻ ശേഷിയുള്ള കൂറ്റൻ സ്റ്റോറേജ് ടാങ്കുകളും ലോഡിംഗ് ടെർമിനലുകളും പൈപ്പ് ലൈനുകളും ഈ ദ്വീപിലുണ്ട്. പ്രതിദിനം ഏകദേശം 40 ലക്ഷം ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഇറാന്റെ സാമ്പത്തിക ഭദ്രത നിലനിൽക്കുന്നത് തന്നെ ഖാര്‍ഗിലൂടെയാണ്. ഇവിടെ നിന്നുള്ള എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കാണ് ലോകത്തിലെ മൊത്തം എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത്.

അമേരിക്ക എന്തുകൊണ്ട്  ഖാര്‍ഗിനെ ലക്ഷ്യം വയ്ക്കുന്നു?

ഇറാന്‍റെ സമ്പദ് വസ്ഥയുടെയും ആഗോള ഊർജ വിപണിയുടെയും ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഖാർഗ് ഐലൻഡ് എന്നത് തന്നെ കാരണം. ഇറാന്‍റെ ദേശീയ വരുമാനത്തിന്‍റെ വലിയൊരു ഭാഗം എണ്ണയിൽ നിന്നായതിനാൽ ഖാര്‍ഗില്‍ എന്ത് സംഭവിച്ചാലും അതിലൂടെ ഇറാനുണ്ടായേക്കാവുന്ന ആഘാതം ചെറുതായിരിക്കില്ല. ഈ ദ്വീപിന് നേര്‍ക്കുള്ള ഏതൊരു നീക്കവും ആഗോള എണ്ണവിലയെയും ഊർജ്ജ വിപണിയെയും ബാധിക്കും. അമേരിക്കയുടെ കണ്ണും ഇതില്‍ തന്നെയാണ്. പ്രതിവർഷം  95 കോടിയോളം ബാരൽ അസംസകൃത എണ്ണ ഖാര്‍ഗ് ദ്വീപ് വഴി കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. അബൂസർ, ഫോറൂസൻ, ദൊറൂദ് തുടങ്ങിയ ഇറാന്റെ പ്രമുഖ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കടൽ അടിത്തട്ടിലെ പൈപ്പ് ലൈനുകൾ വഴി ഖാർഗിലെത്തിച്ചാണ് സംസ്‌കരിക്കുന്നത്. അഹ്വാസ് (Ahvaz), മാരുൺ (Marun), ഗച്ച്‌സാരൻ (Gachsaran)എന്നീ വലിയ എണ്ണപ്പാടങ്ങളിൽ നിന്നുള്ള എണ്ണയും നേരിട്ട് ഖാർഗിലെ സംഭരണികളിലേക്ക് എത്തും. ഇറാന്‍ ഭരണകൂടത്തിന്‍റെ  പ്രധാന വരുമാനവും ഇവിടെനിന്നുള്ള എണ്ണ കയറ്റുമതിയെ ആശ്രയിച്ചാണ്. ഇറാന്‍ സൈന്യത്തിന്‍റെയും, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്‍റെയും സാമ്പത്തിക ജീവനാഡി തന്നെയാണ് ഖാര്‍ഗ് ദ്വീപ്. ഖാര്‍ഗ് ആക്രമിച്ചാല്‍ ഇറാന്‍റെ എണ്ണ ഉത്പാദനം കുത്തനെ കുറയുകയും രാജ്യത്തിന്റെ യുദ്ധച്ചെലവുകളെ ബാധിക്കുകയും ചെയ്യുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. അതിലൂടെ ഇറാനെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുക എന്നതിലേക്കാണ് ട്രംപിന്‍റെ കരുനീക്കം. അതുകൊണ്ട് തന്നെ ഈ കൊച്ചു ദ്വീപ് കൈവിട്ടുപോവുക എന്നാല്‍ ഇറാന്‍ എന്ന രാജ്യം എല്ലാ അര്‍ഥത്തിലും ദുര്‍ബലമാവുക എന്നത് തന്നെയാണ്. 

ചരിത്രവും നിലവിലെ ഭീഷണികളും

1980-1988 കാലഘട്ടത്തിലെ ഇറാന്‍-ഇറാഖ് യുദ്ധസമയത്തും ഇറാഖ് സൈന്യം ഖാര്‍ഗ് ദ്വീപിലെ ഓയിൽ ടെർമിനലുകൾ ബോംബിട്ട് തകർത്തിരുന്നു. അന്ന് തകർന്നടിഞ്ഞവ  ഇറാൻ പിന്നീട് പുനർനിർമ്മിക്കുകയും കയറ്റുമതി പുനരാരംഭിക്കുകയുമായിരുന്നു.1979-ലെ ഇറാൻ ബന്ദി പ്രതിസന്ധി ഘട്ടത്തിലും അമേരിക്ക ഈ ദ്വീപ് പിടിച്ചെടുക്കാൻ ആലോചിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കിയില്ല. ഇപ്പോള്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്‍റെ പൂർണനിയന്ത്രണത്തിലുള്ള ദ്വീപിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും പ്രത്യേക അനുമതി തന്നെ വേണം. 

ഖാർഗ് ഐലൻഡ് പ്രവർത്തനരഹിതമായാൽ ഇറാന്‍റെ വാർഷിക വരുമാനത്തിൽ കോടിക്കണക്കിന് ഡോളറിന്‍റെ കുറവുണ്ടാകും. എന്നാൽ ഈ ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം വഷളാക്കുന്നതും ഒരു വലിയ കരയുദ്ധത്തിന് തന്നെ വഴിയൊരുക്കുന്നതുമാകും.  ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ഏതൊരു നീക്കവും ആഗോള എണ്ണ വിപണിയെയും ലോക സമ്പദ്‌വ്യവസ്ഥയെയും തകിടം മറിച്ചേക്കും. ആഗോള എണ്ണ വിതരണത്തിന്‍റെ 4.5% ഇറാനിൽ നിന്നാണെന്നിരിക്കെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില കുത്തനെ കൂടാനും ഇടയാക്കും. അതേസമയം ഖാര്‍ഗ് ആക്രമിക്കപ്പെട്ടാല്‍ സൗദി, യുഎഇ എന്നിവിടങ്ങളിലെ ഊർജ കേന്ദ്രങ്ങളെ ഇറാനും ലക്ഷ്യമിട്ടേക്കാം. അതായത് ഖാര്‍ഗിനെ തകർക്കുന്നത് ഇറാനെ തളർത്താൻ എളുപ്പമാണെങ്കിലും, അത് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളെയും സാമ്പത്തികമായി മുറിവേല്‍പ്പിക്കുന്ന ഇരുതലമൂർച്ചയുള്ളയുള്ള ഒരു വാള്‍ തന്നെയാണ്. ഏതായാലും വരാനിരിക്കുന്ന യുദ്ധസാഹചര്യത്തിൽ ഖാർഗിന്‍റെ വിധി എന്താകുമെന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം.

Kharg Island: Iran's Oil Lifeline Under Threat:

Kharg Island is crucial for Iran's oil exports, controlling 90% of its crude oil shipments. This strategically important island is now a target for the US, aiming to cripple Iran's economy and influence global oil markets