ഇറാനെ ലക്ഷ്യമിട്ട് ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ കടലിലെ ‘ഒഴുകുന്ന കോട്ട’യായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് തിരികെ വരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായി കരുതപ്പെടുന്ന ഫോർഡിലുണ്ടായ തീപിടുത്തമാണ് വില്ലനായി മാറിയിരിക്കുന്നത്. ഇതോടെ ഒമ്പത് മാസത്തോളം കടലിലായിരുന്ന കപ്പല്‍ അറ്റകുറ്റപ്പണികൾക്കായി കയറ്റാന്‍ ഒരുങ്ങുകയാണ് അമേരിക്ക.
കപ്പലിലെ ലോൺട്രി ഏരിയയിലാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകള്‍ എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 100 സ്ലീപ്പിങ് ബെർത്തുകള്‍ കത്തിനശിച്ചു. നാവികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തീപിടിത്തമുണ്ടായെങ്കിലും കപ്പൽ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നായിരുന്നു യുഎസ് സൈന്യം പറഞ്ഞിരുന്നത്. എന്നാല്‍ 4,000 ത്തിലധികം നാവികരുള്ള കപ്പലിന്റെ ശുചിമുറി സംവിധാനങ്ങളില്‍ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.
കപ്പലിലെ ശുചിമുറിയുടെ പൈപ്പുകൾ നിരന്തരം അടഞ്ഞുപോകുന്നതാണ് പ്രശ്നം. ശരാശരി ഒരു ദിവസം ഒരു അറ്റകുറ്റപ്പണി എന്ന നിലയിൽ ഇതിന് തകരാറുകൾ സംഭവിക്കാറുണ്ടത്രേ. 500 സൈനികര്‍ക്കായി 650 ശുചിമുറികളാണ് കപ്പലിലുള്ളത്. പലപ്പോളും ശുചിമുറിക്കു മുന്നില്‍ നീണ്ട ക്യൂ ഉണ്ടാകാറുള്ളതായും യുഎസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ പ്രശ്നം പുതിയതല്ല കപ്പലിന്റെ ടോയ്‌ലറ്റ് സംവിധാനം ഇടയ്ക്കിടെ പണിമുടക്കാറുണ്ടെന്നും അത് ശരിയാക്കാന്‍ ഓരോ തവണയും 400,00 ഡോളര്‍വരെ ചിലവാകുന്നുണ്ടെന്നും യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിൽ നിന്നുള്ള 2020 ലെ റിപ്പോർട്ട് പറയുന്നുണ്ട്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളിലെ ഈ പ്രശ്നങ്ങളാണ് ഫോര്‍ഡിനെ പിന്‍വലിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചിരിക്കുന്നത്.
യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്. ഏകദേശം 13.3 ബില്യൺ ഡോളർ (ഒരു ലക്ഷം കോടിയിലധികം രൂപ) ചെലവിട്ടാണ് അമേരിക്ക കപ്പല്‍ നിര്‍മ്മിച്ചത്. എഫ്-18 സൂപ്പർ ഹോർനെറ്റുകൾ ഉൾപ്പെടെ 75-ലധികം സൈനിക വിമാനങ്ങൾ ഫോർഡ് വഹിക്കുന്നുണ്ട്. 90-ലധികം യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ഒരേസമയം വഹിക്കാൻ കപ്പലിന് ശേഷിയുമുണ്ട്.
കൂടാതെ വ്യോമ ഗതാഗതവും നാവിഗേഷനും നിയന്ത്രിക്കുന്നതിന് അത്യാധുനിക റഡാർ സംവിധാനവും ഫോര്‍ഡിലുണ്ട്. റഡാറുകളിൽ പെടാതിരിക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ, ഇലക്ട്രോമാഗ്നെറ്റിക് എയർക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം, രണ്ട് ബെക്റ്റൽ A1B ആണവ റിയാക്ടറുകള്‍ എന്നിവയും ഫോര്‍ഡിന്‍റെ പ്രത്യേകതകളാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ യുഎസ്എസ് ജെറാൾഡ് ആര്‍ ഫോർഡ് കടലിലുണ്ട്. ഒക്ടോബറില്‍ വെനസ്വേലന്‍ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുക്കാനും നിക്കോളസ് മഡുറോയെ പിടികൂടാനുമുള്ള സൈനിക നടപടികളിലും ഫോര്‍ഡ് പങ്കെടുത്തിരുന്നു. ശേഷമാണ് ഫോര്‍ഡിനെ മിഡില്‍ ഈസ്റ്റില്‍ വിന്യസിക്കുന്നത്.
അതേസമയം യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിന്‍റെ പിന്‍വാങ്ങല്‍ യുഎസ് സേനയിൽ നികത്താനാകാത്ത വിടവായിരിക്കും സൃഷ്ടിക്കുക. ഫോർഡ് വഹിക്കുന്ന ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം യുഎസിന്‍റെ മറ്റൊരു വിമാനക്കപ്പലായ യുഎസ്എസ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷ് ഫോർഡിന് പകരമായി രംഗത്തിറങ്ങാനാണ് സാധ്യത. യുഎസ്എസ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷിനെ മിഡിൽ ഈസ്റ്റില്‍ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങകയാണെന്നാണ് റിപ്പോര്‍ട്ട്.