ഇറാന്‍റെ രഹസ്യാന്വേഷണ വിഭാഗം മന്ത്രി ഇസ്മായിൽ ഖത്തീബ് രാത്രിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവകാശപ്പെട്ട് ഇസ്രയേൽ. ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഖത്തീബിന്‍റെ മരണവാര്‍ത്ത ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ ആരംഭിച്ചിട്ടേയുള്ളൂവെന്നും സമ്പത്തോ വിശ്വാസമോ വംശമോ നോക്കാതെ അത് എല്ലാവരെയും ബാധിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിലൂടെ (X) മുന്നറിയിപ്പ് നല്‍കി. കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നതിനും ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കുന്നതിനുമായി ബുധനാഴ്ച പുലർച്ചെ ഇസ്രയേലിന് നേരെ ക്ലസ്റ്റർ മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാൻ അവകാശപ്പെട്ടു. ടെൽ അവീവിലെ ഒരു പ്രദേശം ലക്ഷ്യമാക്കി ഖോറംഷഹർ-4, ഖദർ മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രസ്താവനയിൽ പറഞ്ഞു. ഇറാന്‍റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയുടെ വധത്തിന് പ്രതികാരമായാണ് ഈ ആക്രമണമെന്ന് ഐആർജിസി വിശേഷിപ്പിച്ചു. ലാരിജാനിയുടെ മരണത്തിന് രാജ്യം നൽകുന്ന മറുപടി ‘നിർണായകവും ഖേദകരവും’ ആയിരിക്കുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമീർ ഹതാമി പറഞ്ഞതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഇതിലും ഭീകരമായ തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ളാഹിയും മുന്നറിയിപ്പ് നൽകി. എതിരാളിയുടെ ചിന്തകള്‍ക്ക് അപ്പുറമുള്ള തകർപ്പൻ മറുപടിയായിരിക്കും സൈന്യം നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്‍റെ കീഴടങ്ങൽ വരെ ഈ പാത തുടരുമെന്നും തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ ഇറാന്‍റെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങളില്‍ യു.എസ് സൈന്യം 5,000പൗണ്ട് ബോംബുകള്‍ വര്‍ഷിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ തീരദേശ മിസൈൽ കേന്ദ്രങ്ങളിൽ അമേരിക്ക ജിപിഎസ് നിയന്ത്രിത ബോംബുകൾ വർഷിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) എക്സിലൂടെ അറിയിച്ചു. ഈ കേന്ദ്രങ്ങളിലെ ഇറാനിയൻ കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലുകൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
'ദി ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് പ്രകാരം, മധ്യ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ടെൽ അവീവ് പ്രദേശം ലക്ഷ്യമാക്കി വന്ന മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.