പ്രതീകാത്മക ചിത്രം
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ ഇരട്ടിയാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചൈനയെ ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്ന റഷ്യൻ എണ്ണ ടാങ്കർ ഇന്ത്യയിലേക്ക് വരുന്നു. ജനുവരി അവസാനം ബാൾട്ടിക് തുറമുഖത്തു നിന്ന് പുറപ്പെട്ട അക്വാ ടൈറ്റനാണ് മാർച്ച് 21 ന് ന്യൂ മംഗലാപുരത്തെത്തുക. മാർച്ച് പകുതിയോടെയാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാൻ യുഎസ് ഇന്ത്യയ്ക്ക് ‘അനുമതി’ നല്‍കിയത്.
ചൈനയുടെ റിസാവോ തുറമുഖം ലക്ഷ്യമാക്കി സഞ്ചരിച്ച കപ്പലാണ് ഇന്ത്യയിലേക്കെത്തുക. ലക്ഷ്യസ്ഥാനത്തെത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രത്തിൽ നിന്നും ദിശമാറ്റി കപ്പല്‍ ഇന്ത്യയിലേക്ക് തിരിച്ചത്. ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചതിന് ശേഷം റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായിരുന്നു ചൈന. അക്വാ ടൈറ്റന്‍ മാത്രമല്ല, വോർടെക്സ ലിമിറ്റഡിന്റെ കണക്കനുസരിച്ച്, റഷ്യൻ എണ്ണയുമായി ചൈനയെ ലക്ഷ്യമിട്ട് യാത്ര തിരിച്ച ഏഴ് ടാങ്കറുകളെങ്കിലും ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
ഇറാന്‍ സംഘര്‍ഷം മൂലമുണ്ടായ ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായാണ് ഇന്ത്യ എണ്ണയ്ക്കായി റഷ്യയെ വീണ്ടും ആശ്രയിക്കാന്‍ തുടങ്ങിയത്. വിതരണ തടസ്സങ്ങള്‍ കുറയ്ക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ് ഇന്ത്യന്‍ റിഫൈനറികള്‍ വാങ്ങിയിട്ടുള്ളത്. ഇന്ത്യ മാത്രമല്ല, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ കൂടുതൽ രാജ്യങ്ങൾക്ക് റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ പുനരാരംഭിക്കാൻ നീക്കം നടത്തുന്നുണ്ട്. ഇത് ആഗോളതലത്തിൽ എണ്ണവില വര്‍ധനയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരിൽ റഷ്യയെ സമ്മർദ്ദത്തിലാക്കുന്നതിന്റെ ഭാഗമായി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ നവംബറിൽ റഷ്യൻ എണ്ണ കമ്പനികളായ ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യു.എസ് വ്യാപാര ചർച്ചകള്‍ക്കും ട്രംപ് താരിഫുകളില്‍ ഇളവ് നല്‍കിയതിന്‍റെയും ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചു. എന്നാല്‍ പശ്ചിമേഷൻ സംഘർഷവും ഗൾഫ് പ്രതിസന്ധിയും ആഗോള ഇന്ധന വിതരണത്തെ ബാധിച്ചതോടെ 30 ദിവസത്തേക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യു.എസ് ഇന്ത്യയ്ക്ക് അനുമതി നല്‍കുകയായിരുന്നു.
നേരത്തെ ഡിസ്ക്കൗണ്ടില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന റഷ്യന്‍ എണ്ണ, ബ്രെന്‍ഡ് ക്രൂഡിനേക്കാള്‍ പ്രീമിയത്തിലാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വില്‍ക്കുന്നത്. നേരത്തെ യുക്രൈന്‍ യുദ്ധം കാരണം ഉപരോധത്തിലായ റഷ്യ, മികച്ച ഡിസ്ക്കൗണ്ടില്‍ ഇന്ത്യയ്ക്ക് എണ്ണ വിതരണം നല്‍കിയിരുന്നു. നിലവില്‍ ഏപ്രിൽ 3 വരെ റഷ്യന്‍ എണ്ണവാങ്ങാനാണ് ഇന്ത്യയ്ക്ക് യുഎസിന്‍റെ അനുമതിയുള്ളത്.