വി.ഡി.സതീശന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് നിയുക്ത മുഖ്യമന്ത്രി. എല്ലാമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോയെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. ഇക്കാര്യം പിന്നീട് അറിയിക്കാമെന്ന് വി.ഡി.സതീശന്‍ മറുപടി നല്‍കി.
നേരത്തെ നിയമസഭ മന്ദിരത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്ലമെന്ററി പാര്‍ട്ടി യോഗം വി.ഡി.സതീശനെ കക്ഷിനേതാവാക്കിയുള്ള പ്രമേയം അംഗീകരിച്ചു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്താങ്ങി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
ജനഹിതമറിഞ്ഞ് ഒറ്റ മനസായി പ്രവര്‍ത്തിക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ കോണ്‍ഗ്രസ് പാര്ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. 63 കോണ്‍ഗ്രസ് എം.എല്‍എമാരും ടീം കോണ്‍ഗ്രസ് ആകണം. ടീം യുഡിഎഫിന്‍റെ വിജയം സതീശന്‍ എടുത്തു പറഞ്ഞു. തര്‍ക്കവും ഭിന്നതകളും ഒന്നും ഇനിയില്ലെന്നും വലുപ്പച്ചെറുപ്പമില്ലാതെ മുന്നോട്ട് പോകണമെന്നും നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി.
തര്‍ക്കങ്ങളൊന്നും ഇനിയില്ലെന്നും ഏത് പാതിരാത്രിയിലും എംഎല്‍എമാര്‍ക്ക് തന്നെ വിളിക്കാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ആശയ വിനിമയം പ്രധാനമാണ്. ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും സതീശന്‍ എംഎല്‍എമാരോട് ആവശ്യപ്പെട്ടു. കാലിയായ ഖജനാവ് നിറക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രഥമ ലക്ഷ്യമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.