ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ ആക്രമണം. സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ബുഷെഹറിലെ പ്രകൃതിവാതക നിലയത്തിനുനേരെ ഇസ്രയേലി ജെറ്റുകൾ ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
അതേസമയം, സൗത്ത് പാർസിലെ പ്രകൃതിവാതക കേന്ദ്രത്തിനുേനരെയുള്ള ഇസ്രയേൽ ആക്രമണത്തെ ഖത്തർ അലപലിച്ചു. ഖത്തർ നോർത്ത് ഫീൽഡിന് അനുബന്ധമായുള്ള സൗത്ത് പാർസിനു നേരെയുള്ള ഇസ്രയേൽ ആക്രമണം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. ഊർജ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആഗോള ഊർജ സുരക്ഷയ്ക്കും മേഖലയിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Also Read: യു.എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക്; ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ അഞ്ച് എണ്ണ സംസ്കരണ കേന്ദ്രങ്ങളുടെ സമീപത്തു നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ ഭീഷണി. എത്രയും പെട്ടെന്ന് ഇവിടങ്ങളിൽനിന്നു മാറി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പോകാൻ ഇറാൻ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ അറിയിച്ചതായി ഇറാൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇതിനിടെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനാണ് എക്സിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. ഭീരുത്വം നിറഞ്ഞ നടപടിയാണ് ഖാതിബിന്റെ കൊലപാതകമെന്നും പെസെഷ്കിയാൻ പ്രതികരിച്ചു. ഇറാന്റെ സുരക്ഷാ വിഭാഗം തലവന്‍ അലി ലാരിജാനി, അർധസൈനിക വിഭാഗമായ ബാസിജ് സേനാ തലവൻ എന്നിവരെ വധിച്ചതിനു പിന്നാലെയാണ് രഹസ്യാന്വേഷണവകുപ്പ് മന്ത്രി ഇസ്മായില്‍ ഖത്തീബിനെ വധിച്ചത്. വരും ദിവസങ്ങളില്‍ നിര്‍ണായകമായ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു.
ആയത്തുല്ല ഖമനയി അടക്കം ഇറാന്റെ ഭരണനേതൃത്വത്തിലുള്ള 12 പേരെയാണ് 19 ദിവസത്തിനിടെ ഇസ്രയേല്‍ വധിച്ചത്. ഇറാന്‍ ഉന്നതനേതാക്കളെ കൊലപ്പെടുത്തുന്നതിന് മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്ന് ഇസ്രയേല്‍ സൈന്യത്തിന് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കി. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പോടെ IRGC ഇസ്രയേല്‍ ടെല്‍ അവീവില്‍ വ്യോമാക്രമണം നടത്തി. ഇറാനിലെ സൗത്ത് പാര്‍സില്‍ പ്രകൃതിവാതകസംഭരണകേന്ദ്രത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. യുഎഇയില്‍ ഇന്ന് ഇറാന്റെ 13 ബാലിസ്റ്റിക് മിസൈലുകളും 41 ഡ്രോണുകളും തകര്‍ത്തു. യുഎഇ അൽ മിൻഹാദില്‍ ഓസ്ട്രേലിയയുടെ വ്യോമതാവളത്തിനു സമീപം ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി വ്യക്തമാക്കി.
ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 12പേര്‍ കൊല്ലപ്പെട്ടു. 41പേര്‍ക്ക് പരുക്കേറ്റു. നാറ്റോ സഖ്യരാജ്യങ്ങള്‍ സഹകരിക്കില്ലെന്ന് ഉറപ്പായതോടെ മറീനുകളടക്കം കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കാനൊരുങ്ങുകയാണ് യുഎസ്. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സൈനികകേന്ദ്രങ്ങളും മിസൈല്‍ ലോഞ്ചേഴ്സിനും നേരെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളടക്കം ഉപയോഗിച്ച് യുഎസ് ആക്രമണം രൂക്ഷമാക്കി