Image credit: AFP
ആണവായുധം ഉണ്ടാക്കുന്നുവെന്നാരോപിച്ച് യുഎസും– ഇസ്രയേലും ഇറാനെ ആക്രമിച്ചത് ഫെബ്രുവരി 28നാണ്. യുദ്ധം പതിനഞ്ചാം ദിവസത്തിലും രൂക്ഷമായി തുടരുകയാണ്. ഒരുവശത്ത് ആണവകരാറിലെത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇറാന്‍റെ പരമോന്നത നേതാവടക്കമുള്ളവരെ യുഎസും–ഇസ്രയേലും വധിച്ചു. ആയത്തുല്ല ഖമനയിയെ വധിച്ചതിലൂടെ യുദ്ധത്തില്‍ വിജയം നേടിയെന്നായിരുന്നു അമേരിക്കയുടെ ആദ്യ അവകാശവാദം. പക്ഷേ നേതൃത്വത്തെ തന്നെ ഇല്ലാതാക്കിയതോടെ അമേരിക്കയ്ക്ക് കാര്യങ്ങള്‍ ദുഷ്കരമാകുകയാണ് ഉണ്ടായതെന്നും നിലവില്‍ എങ്ങനെ യുദ്ധം അവസാനിപ്പിക്കണമെന്നും പുറത്ത് കടക്കുമെന്നുമറിയാതെ കുഴങ്ങുകയാണ് ട്രംപെന്നും രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
കനത്തനാശം വിതച്ച യുദ്ധത്തില്‍ ഇറാന്‍ മിസൈലുകളും ഡ്രോണുകളും കൊണ്ട് കനത്ത പ്രതിരോധമാണ് തീര്‍ത്തത്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങളിലെല്ലാം ആക്രമണം അഴിച്ചുവിട്ടു. ഇസ്രയേലിനെ ആക്രമിക്കാന്‍ ഹിസ്ബുല്ലയും ഇറാനൊപ്പം കൂടി. ഇതിനെല്ലാം പുറമെ ഹോര്‍മുസില്‍ ഉപരോധം ശക്തമാക്കിയതോടെ ലോകം തന്നെ ശ്വാസംമുട്ടി. കടുത്ത സമ്മര്‍ദമാണ് അമേരിക്കയ്ക്കും ഇസ്രയേലിനും മേലുള്ളതെന്ന് വ്യക്തമാണെന്ന് അമേരിക്കന്‍ യുദ്ധ വിദഗ്ധര്‍ വരെ തുറന്നടിക്കുകയും ചെയ്തു. വെനസ്വേലയല്ല ഇറാനെന്നും ട്രംപിന് അവിടെ പിഴച്ചുവെന്നും മുന്‍ ഉപദേഷ്ടാക്കളടക്കം ചൂണ്ടിക്കാട്ടി.
ഈ യുദ്ധത്തിനായി സുസജ്ജമായിരുന്നത് പോലെയാണ് ഇറാന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഖമനയിയും സൈന്യത്തിലെ ഉന്നതരും കൊല്ലപ്പെട്ടതോടെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് യുദ്ധത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു. അമേരിക്കയുമായുള്ള യുദ്ധത്തിന് ഒരുങ്ങിയിരുന്നത് പോലെയായിരുന്നു ഇറാന്‍റെ നീക്കങ്ങളത്രയുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുടെ പ്രതികരണവും ഇത് ശരിവയ്ക്കുന്നു. 'ഈ യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണ്.യുദ്ധം ചെയ്യാന്‍ ആഗ്രഹമുണ്ടായിട്ടല്ല, ഇറാനെ വലിച്ചിഴച്ചതാണ്. വലിയ പിഴവാണ് അമേരിക്ക വരുത്തിയത്. അതിന് കനത്ത വില നല്‍കേണ്ടി വരും' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണങ്ങളിലൊന്ന്. 'കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കന്‍ സൈന്യം തോറ്റമ്പിയ യുദ്ധങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. അതില്‍ നിന്ന് ഞങ്ങള്‍ കുറേ പഠിച്ചിട്ടുണ്ട്' എന്ന പ്രസ്താവനയും അമേരിക്കയെ നേരിടാന്‍ ഇറാന്‍ ഒരുങ്ങിയിരുന്നുവെന്ന വാദത്തെ ശരിവയ്ക്കുന്നതാണ്.
നേതൃത്വം ഇല്ലാതാകുമ്പോള്‍ സൈന്യം ചിതറുമെന്ന് വിചാരിച്ചിരുന്ന അമേരിക്കയെ മൊസൈക് തന്ത്രം കൊണ്ടാണ് ഇറാന്‍ നേരിട്ടത്. ഉന്നത നേതൃത്വം ഇല്ലാതെയായാലും പോറല്‍ പോലുമേല്‍ക്കാതെ സൈന്യം മുന്നോട്ടു നീങ്ങാന്‍ ഇത് ഇറാനെ സഹായിച്ചു. ഇറാഖിലെയും അഫ്ഗാനിലെയും അമേരിക്കന്‍ അട്ടിമറികള്‍ക്ക് പിന്നാലെയാണ് ഈ തന്ത്രത്തിന് ഇറാന്‍ രൂപം നല്‍കിയത്. ത്രിതല തന്ത്രമാണ് ടെഹ്റാന്‍ തയാറാക്കിയത്. അതിജീവനം ഉറപ്പാക്കുകയാണ് ഇതില്‍ ഒന്നാമത്തേത്. യുദ്ധത്തില്‍ സജീവമായി തിരിച്ചടിക്കുള്ള ആയുധശക്തിയാണ് രണ്ടാമത്തേത്. സംഘര്‍ഷം സജീവമാക്കി നിര്‍ത്താനും സ്വന്തം നിലയ്ക്ക് അവസാനിപ്പിക്കുന്ന തലത്തിലേക്ക് മാറ്റുന്നതുമാണ് മൂന്നാമത്തേത്. ഇതാണ് ഇറാന്‍ നിലവില്‍ പറ്റിക്കൊണ്ടിരിക്കുന്ന തന്ത്രം. ഇതെല്ലാം അമേരിക്കയെയും സഖ്യകക്ഷികളെയും സ്വന്തം നാട്ടിലും ലോകത്തിന് മുന്നിലും ഗുരുതരമായ പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കാന്‍ പര്യാപ്തവുമാണ്.
താരതമ്യേനെ ചെലവ് കുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളില്‍ ഇറാന്‍ ആക്രമണം അഴിച്ച് വിടുന്നത്. പ്രതിരോധിക്കാന്‍ മാത്രം അമേരിക്കയ്ക്ക് ചെലവാകുന്നത് കോടിക്കണക്കിന് ഡോളറുകളാണ്. മിസൈല്‍ കരുത്ത് ഇതിന് പുറമേയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലങ്ങളിലൊന്നെന്ന് കരുതിയിരുന്ന ദുബായിയെപ്പോലും ഇറാന്‍റെ ഡ്രോണുകള്‍ വിറപ്പിക്കുകയാണ്. കടലില്‍ എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ടും ഇറാന്‍ ഇതേ ഡ്രോണുകള്‍ അയയ്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളും കടന്ന് യുദ്ധം തുര്‍ക്കിയും സൈപ്രസും എന്ന് വേണ്ട സാധ്യമായ സ്ഥലത്തേക്കെല്ലാം ഇറാന്‍ വ്യാപിപ്പിച്ചു. ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് ഹിസ്ബുല്ല ആക്രമണം ശക്തമാക്കിയതോടെ ഇറാന്‍ ഹോര്‍മുസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. അത് അമേരിക്കയിലും ഇന്ത്യയിലും നൈജീരിയയിലും ബംഗ്ലദേശിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. വ്യോമഗതാഗതം ഏറെക്കുറെ മന്ദഗതിയിലായി. വ്യാപരമേഖല വലിയ സ്തംഭനത്തിലേക്ക് നീങ്ങുന്നു. 'ദുരിതങ്ങളുടെ വലിയ ഭൂതത്തെയാണ് തുറന്ന് വിട്ടിരിക്കുന്നതെന്ന് ഗള്‍ഫ് ഇന്‍റര്‍നാഷനല്‍ ഫോറം പറയുന്നു.
ട്രംപിനെ ചതിച്ചത് അമിത ആത്മവിശ്വാസം?
നിരുപാധികം കീഴടങ്ങണമെന്നാണ് ഇറാന്‍ സൈന്യത്തോട് യുദ്ധത്തിന്‍റെ പതിനഞ്ചാം ദിവസവും ട്രംപ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇറാനാവട്ടെ യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കും എന്ന നിലപാടും കൈക്കൊണ്ടിട്ടുണ്ട്. അമേരിക്കയുമായി ഒരു നയതന്ത്ര ചര്‍ച്ചയ്ക്കുമില്ലെന്നും ട്രംപ് ദുഃഖിക്കേണ്ടി വരുമെന്നും മുന്നറിയിപ്പും നല്‍കുന്നു. യുദ്ധം അമേരിക്ക തുടങ്ങിയത് കൃത്യമായ ധാരണയില്ലാതെയാണെന്ന ആക്ഷേപം മുന്‍പത്തെക്കാള്‍ യുഎസില്‍ തന്നെ ശക്തമാണ്. ഇറാന് മേല്‍ അമേരിക്കയ്ക്ക് ആധിപത്യമുള്ളത് ഏതൊക്കെ മേഖലയിലാണ് എന്നതിലും, എവിടെ ആക്രമണം നടത്തണമെന്നതിലും ഇറാന്‍റെ ശക്തികേന്ദ്രങ്ങളെ തിരിച്ചറിയുന്നതിലും തന്ത്രപരമായ പിഴവ് വന്നുവെന്ന് നാഷനല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ ഉന്നതര്‍ അഭിപ്രായപ്പെടുന്നു. ഹോര്‍മുസ് ഇറാന്‍റെ കൈവശമിരിക്കുന്നതോടെ ആഗോള സമ്പദ് വ്യവസ്ഥ തന്നെ 'ബന്ദിയാക്കപ്പെട്ട' സ്ഥിതിയാണെന്നും ഇത് ട്രംപിന് മേല്‍ സമ്മര്‍ദമേറ്റുന്നുവെന്നും ക്രൈസിസ് ഗ്രൂപ് വിശദീകരിക്കുന്നു. മാത്രവുമല്ല അമേരിക്കന്‍ വ്യോമപ്രതിരോധമായ താഡിനെയും പാട്രിയറ്റിനെയും ഭേദിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ പോലും ഇറാന്‍റെ കൈവശമുണ്ടെന്നത് കനത്ത ആഘാതമായി. ഖമനയിയെ വധിച്ചുവെന്നതിനപ്പുറം ഇറാനില്‍ ഭരണമാറ്റമുണ്ടാക്കാനോ ഇറാന്‍റെ മേല്‍ ആരോപിച്ച ആണവായുധ ഭീഷണി പരിഹരിക്കാനോ ഒന്നും കഴിഞ്ഞിട്ടില്ലെന്നതും ട്രംപിന്‍റെ തോല്‍വിയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.