യുഎഇ വിദേശകാര്യ സഹമന്ത്രി ലന നുസെയ്ബ
ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുന്നത് ഇനി ദുഷ്കരമെന്ന് യുഎഇ. മേഖലയിൽ ഇറാൻ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും നാശനഷ്ടങ്ങളും കണക്കിലെടുക്കുമ്പോൾ സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി ലന നുസെയ്ബ വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക മാതൃകയെ തകർക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
യുദ്ധത്തിന് മുൻപുള്ള നയതന്ത്ര ബന്ധത്തിലേക്ക് ഇനിയൊരു മടങ്ങിപ്പോക്ക് അസാധ്യമാണെന്ന് യുഎഇ അറിയിച്ചു. ഏഴ് ലക്ഷത്തോളം ഇറാൻ പൗരന്മാർ സുരക്ഷിതമായി കഴിയുന്ന രാജ്യത്താണ് ഇറാൻ അതിക്രമം കാട്ടിയത്. എന്നാൽ ഇത്തരം വെല്ലുവിളികൾക്കിടയിലും യുഎഇയുടെ സമ്പദ്‌ഘടന ശക്തമാണെന്ന് തെളിയിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തെ സംവിധാനങ്ങൾ ഇപ്പോൾ സാധാരണ നിലയിലാണ്. മറിച്ച്, ഉപരോധങ്ങളും യുദ്ധവും കാരണം ഇറാന്റെ സാമ്പത്തിക നില തകർന്നു വീഴുകയാണെന്ന് നുസെയ്ബ ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ മധ്യസ്ഥ ചർച്ചകൾക്ക് സ്ഥാനമുള്ളൂ. തോക്കുകൾ നിശബ്ദമാകുന്നിടത്ത് മാത്രമേ നയതന്ത്ര പരിഹാരത്തിന് പ്രസക്തിയുള്ളൂവെന്നും യുഎഇ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. യുദ്ധത്തിന് തൊട്ടുമുൻപ് താൻ നടത്തിയ ഇറാൻ സന്ദർശനത്തിൽ ആക്രമണത്തെക്കുറിച്ച് സൂചന പോലും നൽകിയിരുന്നില്ല. ചതിയിലൂടെയുണ്ടായ ഈ ആക്രമണത്തിന്റെ ഞെട്ടലിലാണ് ഗൾഫ് രാജ്യങ്ങളെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
അതേസമയം, രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ബഹ്റൈനിൽ വ്യോമപാത തുറന്നു. വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം ഉടൻ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒമാനിലെ മസ്ക്കത്തിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. ലണ്ടൻ, കെയ്റോ, റോം, പാരിസ്, ക്വാലാലംപൂർ, ഫുക്കെ, ബാങ്കോക്ക്, സലാല എന്നിവിടങ്ങളിലേക്കാണ് പുതിയ അധിക സർവീസുകൾ. ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ഈ സൗകര്യം ഉപയോഗിക്കാം.