റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അമേരിക്കയെ പരിഹസിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരഗ്ചി. ഒരു സമയത്ത് റഷ്യയോട് എണ്ണ വാങ്ങരുതെന്ന് പറഞ്ഞ യുഎസ് ഇപ്പോള്‍ അതേ രാജ്യങ്ങളോട് അതേ എണ്ണ വാങ്ങാന്‍ അപേക്ഷിക്കുകയാണെന്ന് അരഗ്ചി പറയുന്നു. അമേരിക്കയുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടപ്പെടുന്നതെന്നും അരഗ്ചി. Also Read: ദുബായില്‍ വീണ്ടും സ്ഫോടനം; ബാഗ്ദാദിലെ യുഎസ് എംബസിയും ആക്രമിച്ച് ഇറാന്‍
സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് അരഗ്ച്ചി അമേരിക്കയേയും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനേയും കടന്നാക്രമിച്ചത്. ‘ഇന്ത്യയ്ക്കുമേല്‍ നികുതി കൂട്ടി മാസങ്ങളോളം അമേരിക്ക സമ്മര്‍ദത്തിലാക്കി, റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് താക്കീത് ചെയ്തു, എന്നാല്‍ വെറും രണ്ടാഴ്ച യുഎസ് ഇറാനുമായി യുദ്ധം ചെയ്തതോടെ വാഷിങ്ടണ്‍ നിലപാട് മാറ്റി, സമ്മര്‍ദമില്ല, അപേക്ഷയുടെ ഭാഷയില്‍ ലോകരാജ്യങ്ങളോട് സംസാരിക്കുന്നു, റഷ്യന്‍ എണ്ണ വാങ്ങാന്‍’– അരഗ്ചി പറയുന്നു.
ഇറാനും പശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആഗോള എണ്ണവിപണിയെ തന്നെ ബാധിച്ച സാഹചര്യത്തിലാണ് യു.എസിന്‍റെ ഈ നീക്കമെന്നും ടെഹ്റാന്‍ ആരോപിക്കുന്നു. നിയമവിരുദ്ധമായ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിമര്‍ശിച്ച അരഗ്ചി അമേരിക്കയെ പിന്തുണച്ച മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിനെതിരേയും രംഗത്തെത്തി.
ഇറാന്‍റെ മേല്‍ അടിച്ചേല്‍പ്പിച്ച നിയമവിരുദ്ധമായ യുദ്ധത്തില്‍ അമേരിക്കയെ പിന്തുണച്ചാല്‍ അത് റഷ്യയ്ക്കെതിരായ നീക്കം കൂടിയാകുമെന്ന് യൂറോപ് കരുതിയെന്നും അരഗ്ചി പറയുന്നു. ആഗോളതലത്തില്‍ കുതിച്ചുയരുന്ന എണ്ണവില റഷ്യയ്ക്ക് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന തരത്തില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് കൂടി പങ്കുവച്ചാണ് അരഗ്ചി എക്സില്‍ പോസ്റ്റിട്ടത്.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ 30 ദിവസത്തെ അനുമതിയാണ് അമേരിക്ക നല്‍കിയിരുന്നത്. പശ്ചിമേഷ്യന്‍ യുദ്ധത്തിനു പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയ സാഹചര്യത്തില്‍ ആഗോള ഊർജ്ജ വിപണി ബാലന്‍സ് ചെയ്യുന്നതിനായാണ് ട്രംപ് ഭരണകൂടം ഈ നിലപാട് മാറ്റം നടത്തിയത്. ഹോർമുസ് കടലിടുക്ക് അടച്ചിട്ട ഇറാന്‍റെ തീരുമാനമായിരുന്നു ട്രംപിന്‍റെയടക്കമുള്ള ഈ നിലപാട് മാറ്റത്തിനു കാരണം. മാർച്ച് 12-നകം കപ്പലുകളിൽ കയറ്റിയ റഷ്യൻ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും വിൽക്കാനാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയത്. ഏപ്രിൽ 11 അർദ്ധരാത്രി വരെ ഈ അനുമതി നിലനിൽക്കും.
മാർച്ച് 5-നായിരുന്നു ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് നൽകിയത്.വിപണി സുസ്ഥിരമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി റഷ്യക്ക് സാമ്പത്തിക നേട്ടം നൽകില്ലെന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ പ്രതികരണം. ഈ പശ്ചാത്തലം കൂടി ചൂണ്ടിക്കാട്ടിയാണ് അരഗ്ചി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.