FILE - A U.S. Air Force KC-135 Stratotanker refueling tanker aircraft takes off from the Kadena Air Base airfield in Kadena town, west of Okinawa, southern Japan, Wednesday, Aug. 30, 2023. (AP Photo/Hiro Komae, File)

ഇറാനുമായുള്ള യുദ്ധം പുരോഗമിക്കുന്നതിനിടെ അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി. സൈനിക വിമാനമായ KC-135 ഇറാഖില്‍ തകര്‍ന്ന് വീണു. ഒപ്പമുണ്ടായിരുന്ന സൈനിക വിമാനവും അപകടത്തില്‍പ്പെട്ടെങ്കിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന വിമാനമാണ് തകര്‍ന്ന് വീണത്. പടിഞ്ഞാറന്‍ ഇറാഖിലായിരുന്നു സംഭവം. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ സൈനിക വിമാനമാണിത്. 

വിമാനം തകര്‍ന്ന വിവരം എക്സ് പോസ്റ്റിലൂടെയാണ് യുഎസ് സൈന്യം സ്ഥിരീകരിച്ചത്. 'അമേരിക്കയുടെ KC-135 എന്ന റിഫ്യുവലിങ് വിമാനം സൈന്യത്തിന് നഷ്ടമായി. ഓപ്പറേഷന്‍ എപിക് ഫ്യുറിക്കിടയിലാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രണ്ട് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ കഴിഞ്ഞു. ശത്രുവിന്‍റെ ആക്രമണത്തെ തുടര്‍ന്നോ ശത്രുവെന്ന് തെറ്റിദ്ധരിച്ച് സഖ്യരാജ്യങ്ങള്‍ വെടിവച്ചിട്ടതോ അല്ല' എന്നാണ് വിശദീകരണത്തില്‍ പറയുന്നത്.

നിലവില്‍ തകര്‍ന്ന് വീണ KC-135 വിമാനത്തിന് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. പൈലറ്റ്, കോ–പൈലറ്റ്, പുറത്തുള്ള വിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള ബൂം ഉപയോഗിക്കുന്നയാള്‍ എന്നിങ്ങനെ മൂന്ന് പേരാണ് ഈ വിമാനത്തിലുണ്ടാവുക. ചില KC-135 വിമാനങ്ങള്‍ക്ക് 37 യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയുണ്ടാകുമെന്നും വ്യോമസേന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നിലവില്‍ തകര്‍ന്ന വിമാനത്തില്‍ മൂന്ന് സൈനികര്‍ ഉണ്ടായിരുന്നോ എന്നും ഇവര്‍ക്ക് എന്ത് എന്ത് സംഭവിച്ചുവെന്നോ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിട്ടില്ല.

കുവൈത്തില്‍ വച്ച് അമേരിക്കയുടെ മൂന്ന് F-15 യുദ്ധവിമാനങ്ങള്‍ കുവൈത്ത് സൈന്യം അബദ്ധത്തില്‍ വെടിവച്ചിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിമാനങ്ങളിലൊന്ന് തങ്ങള്‍ വെടിവച്ച് വീഴ്ത്തിയതാണെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. വിമാനം തകര്‍ന്ന് വീഴുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും ഇറാന്‍ പങ്കുവച്ചിരുന്നു. വിമാനങ്ങളിലുണ്ടായിരുന്ന പൈലറ്റുമാര്‍ പാരഷൂട്ട് ഉപയോഗിച്ച് രക്ഷപെട്ടിരുന്നു.

ENGLISH SUMMARY:

On March 13, 2026, a US Air Force KC-135 aerial refueling aircraft crashed in western Iraq during 'Operation Epic Fury.' This marks the fourth military aircraft loss for the US since the conflict with Iran began. While the US Central Command ruled out enemy fire, a second aircraft involved in the incident managed to land safely. The crash of the 60-year-old Boeing model has sparked concerns over equipment aging. Meanwhile, Iran continues to claim responsibility for previous aircraft losses, contradicting US reports of friendly fire in Kuwait.