File Image Credit:Reuters
മധ്യപൂര്‍വ ദേശത്ത് ഇറാന്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഒമാനില്‍ ഡ്രോണ്‍ ആക്രമണം. രണ്ടു പ്രവാസികള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. അല്‍ അവാഹിയിലെ വ്യാവസായിക മേഖലയിലും സൊഹാറിലുമാണ് ആക്രമണങ്ങള്‍ ഉണ്ടായത്. സൊഹാറിലെ ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതും നിരവധിപ്പേര്‍ക്ക് പരുക്കേറ്റതുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ഒമാന്‍ ഭരണകൂടം ചെയ്യുന്നുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അതേസമയം, യുഎസ്–ഇസ്രയേല്‍ ആക്രമണങ്ങള്‍ ഇറാനിലെ 20,000ത്തിലേറെ ജനങ്ങളെ വിവിധ രീതിയില്‍ ബാധിച്ചുവെന്ന് റെഡ് ക്രസന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 69 സ്കൂളുകള്‍ തകര്‍ന്നുവെന്നും അധ്യാപകരും വിദ്യാര്‍ഥികളുമായി 195 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും 4511 വ്യവസായ യൂണിറ്റുകള്‍ തകരുകയോ വന്‍ നാശനഷ്ടം സംഭവിക്കുകയോ ചെയ്തുവെന്നുമാണ് നിലവിലെ കണക്കുകള്‍. 20,000ത്തോളം വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.