ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ തസ്നിം. നെതന്യാഹു പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതും യു.എസ് പ്രതിനിധികളുമായുള്ള ചര്‍ച്ച അവസാന നിമിഷം മാറ്റിവച്ചതും വസതിക്ക് ചുറ്റും സുരക്ഷ വർധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് തസ്നിം വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
വ്യക്തിഗത ചാനലില്‍ ദിവസേനെ മൂന്നോ നാലോ വിഡിയോ പോസ്റ്റ് ചെയ്യുന്ന നെതന്യാഹു വിഡിയോ പോസ്റ്റ് ചെയ്തിട്ട് മൂന്നു ദിവസമായി എന്നാണ് തസ്നിം ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടിന് ചുറ്റുമുള്ള സുരക്ഷാ പരിധി വർധിപ്പിച്ചു. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും നടത്താനിരുന്ന ഇസ്രായേൽ സന്ദർശനം റദ്ദാക്കിയതും ഇതുമായി ബന്ധപ്പെടുത്തിയാണ് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെൽ അവീവിൽ ഇറാനിയൻ വ്യോമാക്രമണത്തിൽ നെതന്യാഹുവിന്റെ സഹോദരൻ ഇദ്ദോ നെതന്യാഹുവും കൊല്ലപ്പെട്ടുവെന്നാണ് മറ്റൊരു വാദം. അതേ വ്യോമാക്രമണത്തിൽ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിറിന് പരിക്കേറ്റുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. ഈ ആക്രമണങ്ങള്‍ നടത്തിയതിന്റെയോ നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെയോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയില്ല.
ഈ വാര്‍ത്തകള്‍ ഇറാന്‍റെ പ്രൊപ്പഗണ്ടയാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ടെൽ അവീവിൽ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ തകർന്ന സ്ഥലങ്ങൾ നെതന്യാഹു സന്ദര്‍ശിച്ചിരുന്നു. മാർച്ച് തിന് ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമായ അഷ്‌ഡോഡ് തുറമുഖത്ത് ഇസ്രായേലിന്റെ ഗതാഗത മന്ത്രി മിരി റെഗെവിനൊപ്പം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുമുണ്ട്. യു.എസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ നെതന്യാഹു ഇസ്രായേൽ വിട്ട് ജർമ്മനിയിലേക്ക് പോയതായി ഫ്ലൈറ്റ് റഡാർ ഡാറ്റ ഉദ്ധരിച്ച് സോഷ്യൽ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു.