ഇടത്ത് ഡോണള്‍ഡ് ട്രംപും ബെന്യമിന്‍ നെതന്യാഹുവും – വലത്ത് ഇറാന്‍റെ പുതിയ പരമോന്നതനേതാവിന്‍റെ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന മൊജ്‌തബ ഖമനയി

ആയത്തുല്ല അലി ഖമയനിയെയും ഭരണ നേതൃത്വത്തെയും ഒറ്റയടിക്ക് ഇല്ലാതാക്കിയാല്‍ ഇറാനെ വരുതിയിലാക്കാമെന്ന് കരുതിയ അമേരിക്കയും ഇസ്രയേലും ഒരാഴ്ചയാകും മുന്‍പേ പരുങ്ങുന്നു. ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ തീരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഏതാനും ദിവസം കൊണ്ട് തീരുമെന്ന് കരുതിയ യുദ്ധം ഒരാഴ്ചയാകാറായിട്ടും അവസാനിക്കുന്ന ലക്ഷണം പോലുമില്ല. ഇറാന്‍റെ പക്കലുള്ള ഡ്രോണുകള്‍ തീരും മുന്‍പ് അമേരിക്കയുടെയും ഇസ്രയേലിന്‍റെയും പക്കലുള്ള വ്യോമപ്രതിരോധ മിസൈല്‍ സ്റ്റോക്ക് തീരുമെന്നാണ് പ്രതിരോധവിദഗ്ധരുടെ വിലയിരുത്തല്‍. ഇതോടെ ഇറാന്‍ യുദ്ധത്തില്‍ തന്ത്രം മാറ്റാന്‍ അമേരിക്കയും ഇസ്രയേലും നിര്‍ബന്ധിതരാകുന്ന സാഹചര്യം ഉടലെടുക്കുകയാണ്.

ഇറാന്‍ അയക്കുന്ന മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കാന്‍ പ്രധാനമായും മൂന്നുതരം മിസൈല്‍ സംവിധാനങ്ങളാണ് അമേരിക്കയും ഇസ്രയേലും വിന്യസിച്ചിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കയുടെ ‘താഡ്’ (Terminal High Altitude Area Defense) ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ സിസ്റ്റമാണ്. ‘പാട്രിയറ്റ്’ മിസൈല്‍ സിസ്റ്റവും സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍ ഫാമിലിയില്‍പ്പെട്ട നേവല്‍ മിസൈലുകളുമാണ് മറ്റുള്ളവ. ‘ആരോ’ ഇന്‍റര്‍സെപ്റ്ററുകളാണ് ഇസ്രയേലിന്‍റെ മുഖ്യ പ്രതിരോധ സംവിധാനം. ഈ മിസൈലുകളുടെയെല്ലാം സ്റ്റോക്ക് ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അത് കണക്കിലെടുക്കാതെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധത്തിനിറങ്ങിയത്.

അമേരിക്ക സൈന്യം ഇറാനിലേക്ക് ദീര്‍ഘദൂര പ്രിസിഷന്‍ സ്ട്രൈക്ക് മിസൈല്‍ വിക്ഷേപിക്കുന്നു

സ്റ്റോക്ക് കുറഞ്ഞതെങ്ങനെ?

ലോക്‌ഹീഡ് മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ആയുധക്കമ്പനികളാണ് താഡും പാട്രിയറ്റുമെല്ലാം നിര്‍മിക്കുന്നത്. റഷ്യ യുക്രെയ്ന്‍ ആക്രമിച്ചപ്പോള്‍ ഇതില്‍ വലിയൊരു പങ്ക് യുക്രെയ്ന് നല്‍കേണ്ടിവന്നു. ഇപ്പോഴും അവിടേക്ക് താഡ് ഉള്‍പ്പെടെയുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അയക്കുന്നുണ്ട്. ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണിയില്‍ നിന്ന് ദക്ഷിണകൊറിയയെ സംരക്ഷിക്കാന്‍ അവിടെയും അമേരിക്ക താഡ് യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് ഭീഷണി നേരിടുന്ന തയ്‍വാനിലുമുണ്ട് ഇതേ സംവിധാനം. ഇതിനെല്ലാം പുറമേ പശ്ചിമേഷ്യയില്‍ ഹൂതി വിമതരുടെ ആക്രമണങ്ങളില്‍ നിന്ന് കപ്പലുകളെ രക്ഷിക്കാനും അമേരിക്ക വലിയ തോതില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഇസ്രയേലിലെ ടെല്‍ അവീവിലെ പാതയോരങ്ങള്‍ ഇസ്രയേലിന്‍റെയും അമേരിക്കയുടെയും കൊടികള്‍ ചേര്‍ത്തുണ്ടാക്കിയ ഗ്രാഫിക്സ് പ്രദര്‍ശിപ്പിക്കുന്ന സ്ക്രീനുകള്‍

ആധുനിക യുദ്ധരംഗത്ത് അങ്ങേയറ്റം ആവശ്യമുള്ളതായിരുന്നിട്ടും അമേരിക്കയുടെ കൈവശമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളുടെ സ്റ്റോക്ക് അപകടകരമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്സ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു. താഡ് ഇന്‍റര്‍സെപ്റ്റര്‍ മിസൈലുകളുടെ 25 ശതമാനവും ജൂണില്‍ നടന്ന 12 ദിവസത്തെ ഇറാന്‍ ആക്രമണത്തില്‍ ഉപയോഗിച്ചു. പിന്നീട് പ്രൊഡക്ഷന്‍ വലിയതോതില്‍ വര്‍ധിച്ചതുമില്ല. യുക്രെയ്നുള്ള പിന്തുണ പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ഉണ്ടാക്കുന്നതിന്‍റെ നല്ലൊരു ശതമാനം അങ്ങോട്ടയക്കുകയും ചെയ്തു. ഇസ്രയേലിന്‍റെ മിസൈല്‍ സ്റ്റോക്കിന്‍റെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണെന്നാണ് വിവരം. ഇറാനില്‍ മാത്രമല്ല, ഇറാനെ പിന്തുണയ്ക്കുന്ന വിമതഗ്രൂപ്പുകളുടെയും രാജ്യങ്ങളുടെയും ആക്രമണവും ഇസ്രയേല്‍ നേരിടുന്നുണ്ട്.

യുഎഇയില്‍ വീണ ഇറാനിയന്‍ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍

മിസൈല്‍ സ്റ്റോക്ക് തീര്‍ന്നാല്‍?

വ്യോമപ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലായ ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ സ്റ്റോക്ക് പെട്ടെന്ന് കുറഞ്ഞാല്‍ യുദ്ധതന്ത്രം മാറ്റാതെ തരമില്ല. സംരക്ഷിക്കേണ്ട സംവിധാനങ്ങളുടെയും മേഖലകളുടെയും കാര്യത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും പുനര്‍വിചിന്തനം നടത്തേണ്ടിവരും. അതായത് ഇപ്പോള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചുകൊണ്ടിരിക്കുന്ന പല മേഖലകളിലും നിന്ന് അവയെ പിന്‍വലിക്കണം. ഏറ്റവും മൂല്യമേറിയതും തന്ത്രപ്രധാനവുമായ സൈനിക സംവിധാനങ്ങള്‍, മിലിറ്ററി സ്റ്റേഷനുകള്‍, ലൊക്കേഷനുകള്‍ തുടങ്ങിയവയിലേക്ക് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഒതുങ്ങും. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ സംരക്ഷിക്കപെടുന്ന പല പ്രദേശങ്ങളും സ്ഥാപനങ്ങളും ഇറാന്‍റെ ആക്രമണത്തിന് തുറന്നുകൊടുക്കപ്പെടുന്ന സാഹചര്യമുണ്ടാകും.

ടെഹ്റാനില്‍ യുഎസ്–ഇസ്രയേല്‍ മിസൈലാക്രമണമുണ്ടായ സ്ഥലത്തുനിന്ന് പുക ഉയരുന്നു

ജൂണിലെ യുദ്ധത്തില്‍ത്തന്നെ മിസൈല്‍ സ്റ്റോക്ക് തീരുമെന്നായപ്പോള്‍ ഇസ്രയേല്‍ ഇത്തരത്തില്‍ തന്ത്രം മാറ്റിയിരുന്നു. സിവിലിയന്‍ മേഖലകള്‍ക്കുള്ള സംരക്ഷണം പിന്‍വലിച്ച് തന്ത്രപ്രധാന പ്രതിരോധ സംവിധാനങ്ങളിലേക്ക് വ്യോമപ്രതിരോധം ക്രമീകരിച്ചു. അധികം വൈകാതെ ഈ രീതിയിലേക്ക് മാറാന്‍ അമേരിക്കയും ഇസ്രയേലും നിര്‍ബന്ധിതരായേക്കാമെന്നാണ് പ്രതിരോധ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇവിടെ ഏറ്റവും വലിയ ഭീഷണി അമേരിക്കന്‍ മിലിറ്ററി സ്റ്റേഷനുകള്‍ക്കോ ഇസ്രയേലിനോ അല്ല, ഗള്‍ഫിലെ മറ്റ് രാജ്യങ്ങള്‍ക്കാണ്. അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും അമേരിക്കന്‍ ഇറക്കുമതിയാണ്. അമേരിക്കയും ഇസ്രയേലും പ്രതിരോധ കവചം ചുരുക്കുമ്പോള്‍ ഈ രാജ്യങ്ങള്‍ എന്തുചെയ്യും എന്ന വലിയ ചോദ്യം മുന്നിലുണ്ട്.

ഇറാന്‍ ഖാദ്‌ര്‍ എച്ച് ദീര്‍ഘദൂരമിസൈല്‍ വിക്ഷേപിക്കുന്നു

മിസൈലുകളും ഡ്രോണുകളുമാണ് ഇറാന്‍റെ പ്രധാന ആയുധങ്ങള്‍. യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമെത്താന്‍ കഴിയുന്ന ഹ്രസ്വദൂര മിസൈലുകള്‍ മുതല്‍ ഇസ്രയേലിലേക്കും അതിനപ്പുറവും ചെന്നെത്തുന്ന ദീര്‍ഘദൂര മിസൈലുകളും ഇറാന്‍റെ പക്കല്‍ ഇപ്പോഴുമുണ്ട്. അവയുടെ സ്റ്റോക്ക് പരിമിതമായതിനാല്‍ ഡ്രോണുകളാണ് പ്രധാന ആയുധം. ദുബായിലടക്കം നടത്തിയ ആക്രമണങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു. താഡും പേട്രിയറ്റും ഉള്‍പ്പെടെയുള്ള അമേരിക്കന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വമ്പന്‍ ചെലവുള്ളതാണ്. ഒരു പേട്രിയറ്റ് മിസൈലിന് മാത്രം 37 കോടി രൂപ വിലവരും. വെറും 18 ലക്ഷം രൂപ മാത്രം വിലയുള്ള ഇറാന്‍റെ ഡ്രോണുകളെ നേരിടാന്‍ പേട്രിയറ്റും താഡുമെല്ലാം ഉപയോഗിക്കുന്നതിന്‍റെ ചെലവ് ആലോചിക്കാവുന്നതേയുള്ളു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെയ്ത്തും സംയുക്തസേനാമേധാവി ജനറല്‍ ഡാന്‍ കെയ്നും വാര്‍ത്താസമ്മേളനത്തില്‍

എണ്‍പതിനായിരം ഡ്രോണുകളെങ്കിലും ഇപ്പോള്‍ ഇറാന്‍റെ കൈവശമുണ്ടെന്നാണ് പ്രതിരോധ വെബ്സൈറ്റുകളും രാജ്യാന്തര ഏജന്‍സികളും വിലയിരുത്തുന്നത്. ഇവ സംഭരിച്ചിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തകര്‍ക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ഇറാന്‍റെ ഷഹീദ് ഡ്രോണുകളെ തടയാന്‍ കഴിയുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‍സെത്തും സംയുക്ത സേനാമേധാവി ജനറല്‍ ഡാന്‍ കെയ്‍നും ഇന്നലെ യുഎസ് ക്യാപ്പിറ്റോളില്‍ നല്‍കിയ രഹസ്യവിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. തീര്‍ത്തും താഴ്ന്ന് പറക്കുന്ന ഈ ഡ്രോണുകള്‍ കണ്ടെത്താന്‍ റഡാറുകള്‍ക്കും കഴിയുന്നില്ലെന്നാണ് വിശദീകരണം. പ്രതീക്ഷിച്ചതിലും വലിയ വെല്ലുവിളിയാണ് ഷഹീദ് ഡ്രോണുകള്‍ ഉയര്‍ത്തുന്നതെന്നും ജനറല്‍ കെയ്ന്‍ സമ്മതിച്ചെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷില്‍ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍

മറുതന്ത്രമെന്ത്?

യുക്രെയ്ന് നല്‍കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുടെ എണ്ണം കുറച്ചും ദക്ഷിണകൊറിയയിലും തയ്​വാനിലും വിന്യസിച്ചിരിക്കുന്നവ തിരിച്ചെടുത്തും തല്‍ക്കാലം യുദ്ധം തുടരാനായിരിക്കും അമേരിക്കയുടെ ശ്രമം. ഇതിനായി ദക്ഷിണകൊറിയയുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഇതെല്ലാം ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ റഷ്യയോ ഉത്തരകൊറിയയോ ചൈനയോ എന്തെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍ കാര്യമായി ഒന്നും ചെയ്യാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞെന്നും വരില്ല. ഗള്‍ഫിലെ വ്യോമപ്രതിരോധം ദുര്‍ബലമായാല്‍ത്തന്നെ അമേരിക്കന്‍ സൈനികത്താവളങ്ങളും എണ്ണപ്പാടങ്ങളും കച്ചവടതാല്‍പര്യങ്ങളുമെല്ലാം ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ അവര്‍ ആഗ്രഹിക്കില്ലെന്നാണ് ഇറാന്‍ വിരുദ്ധരുടെയടക്കം വിലയിരുത്തല്‍.

Running Out of Missiles: Is the US Struggling to Contain Iran's Drone Attacks?:

The article discusses the critical shortage of interceptor missiles facing the U.S. and Israel amidst the ongoing conflict with Iran. High demand for defense systems like THAAD and Patriot in Ukraine and East Asia has depleted stockpiles, making it difficult to counter Iran’s massive inventory of low-cost Shahed drones. Experts suggest that if supplies run out, the U.S. and Israel may have to abandon civilian protection to prioritize high-value military assets, leaving Gulf allies vulnerable. Consequently, the high cost of interceptors compared to cheap Iranian drones is forcing a desperate strategic rethink in Washington and Tel Aviv.