ഇറാനെ ആക്രമിക്കാന്‍ ടോമഹോക് ക്രൂസ് മിസൈലുകൾക്കും, സ്റ്റെൽത്ത് പോർവിമാനങ്ങൾക്കും പുറമെ ഇറാനിയൻ മാതൃകയിൽ നിർമിച്ച ചെലവുകുറഞ്ഞ ഡ്രോണുകളും ഉപയോഗിച്ച് അമേരിക്ക. ചിത്രങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാന്‍റെ ഷഹീദ് ഡ്രോണുകളുടെ മാതൃകയിലുള്ള, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡ്രോണുകള്‍. ലൂക്കാസ് ഡ്രോണിന് ഒന്നിന് ഏകദേശം 35,000 ഡോളറാണ് വില. യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യ ഉപയോഗിച്ച തന്ത്രമാണ് വില കുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള യുദ്ധം.
ടോമഹോക് മിസൈലുകൾ
കരയിലെ ഉൾപ്രദേശങ്ങളിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ സാധാരണയായി കടലിൽനിന്നു വിക്ഷേപിക്കുന്ന ദീർഘദൂര ക്രൂസ് മിസൈല്‍. ശക്തമായ വ്യോമ പ്രതിരോധമുള്ള മേഖലകളിൽ പോലും 1000 മൈൽ (1600 കിലോമീറ്റർ) അകലെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഈ മിസൈലിന് കഴിയും. ഒന്നിന് ശരാശരി 13 ലക്ഷം ഡോളറാണ് വില.
എഫ്/എ–18, എഫ്–35 പോർവിമാനങ്ങൾ
റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാനും കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന ആയുധങ്ങൾ വഹിക്കാനും കഴിവുള്ള അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനമാണ് എഫ്–35. മധ്യപൂർവേഷ്യയിലുടനീളം യുഎസ് വ്യാപകമായി എഫ്–35 വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ട്. ബോയിങ് നിർമിത എഫ്–18, ആകാശത്തുനിന്നും ആകാശത്തേക്കും കരയിലേക്കും ആക്രമണം നടത്താൻ ശേഷിയുള്ള വിവിധോദ്ദേശ്യ പോർവിമാനമാണ്. വിവിധതരം ബോംബുകളും മിസൈലുകളും ഇതിന് വഹിക്കാനാകും. ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ കഴിവുള്ളവ ഉൾപ്പെടെ പലതരം മിസൈലുകൾ വഹിക്കാൻ എഫ്–35 വിമാനങ്ങൾക്കു സാധിക്കും.