യു.എസിന്‍റെ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി ഗള്‍ഫിലേക്കായിരുന്നു. ഗള്‍ഫിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട ഇറാന്‍റെ മിസൈലുകള്‍ വന്നുപതിച്ചൊരിടം ഖത്തറിലെ ദോഹയായിരുന്നു. ദോഹയുടെ നഗരകേന്ദ്രത്തില്‍ നിന്നും മാറി തെരുവില്‍ മിസൈല്‍ അവശിഷ്ടം വന്നു പതിക്കുന്നതും പരിഭ്രാന്തരായി ജനങ്ങള്‍ ഓടി രക്ഷപ്പെടുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മിസൈലിന്‍റെ ഒരു ഭാഗം ആകാശത്ത് നിന്നും താഴേക്ക് പതിക്കുന്നതും മേശം തീഗോളം ഉയരുന്നതുമാണ് വിഡിയോയിലുള്ളത്. ഇതുകണ്ട് നിരവധി പേരാണ് പരിഭ്രാന്തരായി ഓടുന്നത്. യു.എസ്–ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് ശേഷമാണ് മേഖല സംഘര്‍ഷഭരികമായത്. എന്‍റെ മുറിയുടെ തൊട്ടടുത്താണിത് എന്നൊരാള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ദൈവേ അല്ലാഹു രക്ഷിക്കട്ടെ എന്നും വിഡിയോയില്‍ പറയുന്നുണ്ട്.
യു.എസിന്‍റെ അല്‍ ഉദൈദ് വ്യോമതാവളം ഖത്തറിലെ ദോഹയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. ഇറാന്‍ മിസൈല്‍ ആക്രമണത്തെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും രാജ്യാന്തര നിയമം അനുസരിച്ച് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാനുമായി ഫോണില്‍ സംസാരിച്ചു. നിലവിലുള്ള സംഭവവികാസങ്ങളെക്കുറിച്ചും മേഖലയുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നുമാണ് ഇരുവരും ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. ഖത്തറിന് എല്ലാ പിന്തുണയും ഐക്യദാര്‍ഡ്യവും സൗദി അറിയിച്ചു.