യു.എസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്‍റെ അന്തിമ കരടിലെ വിവരങ്ങള്‍ പുറത്ത്. എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കും. ഹോര്‍മുസില്‍ യു.എസ് തുടരുന്ന നാവിക ഉപരോധവും പിന്‍വലിക്കും. ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കരടിലുണ്ട്.
ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം ലഘൂകരിക്കും. ഇത് എങ്ങനെ നടപ്പിലാക്കണം എന്നതിനെ പറ്റി ഇരുപക്ഷവും അടുത്ത 60 ദിവസത്തിനുള്ളിൽ ചർച്ച ചെയ്യും. അന്തിമ കരാർ വരുന്നതുവരെ നിലവിലെ ആണവനില നിലനിർത്തും. ഇറാൻ ആണവായുധങ്ങൾ നിർമിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്നു സമ്മതിച്ചതായും കരടില്‍ പറയുന്നു.
ഇറാന്റെ എണ്ണയ്ക്കുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധവും നിശ്ചിത കാലത്തേക്ക് യു.എസ് പിന്‍വലിക്കും. ഇറാന് എണ്ണ കയറ്റുമതി തുടരാനും വരുമാനം ഉണ്ടാക്കാനും സാധിക്കും. വിദേശത്ത് മരവിപ്പിച്ച ഇറാന്‍റെ ആസ്തികള്‍ യു.എസ് വിട്ടുനല്‍കും. ഏകദേശം 25 ബില്യൺ ഡോളറിന്റെ ഫണ്ട് ഇത്തരത്തില്‍ ഇറാന് ലഭിക്കും. നേരിട്ടുള്ള പണക്കൈമാറ്റം, പ്രാദേശിക രാജ്യങ്ങളുമായുള്ള സഹകരണം, സാമ്പത്തിക ക്രെഡിറ്റ് ലൈനുകൾ നീട്ടിനൽകൽ എന്നിവയിലൂടെയാണിത്.
ഖത്തർ പ്രതിനിധി സംഘം ഞായറാഴ്ച ടെഹ്‌റാനിൽ നടത്തിയ ചര്‍ച്ചയിലാണ് കരടില്‍ ധാരണയായത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ ഉപദേശകനാണ് ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. യു.എസും ഇറാനും ചേര്‍ന്ന പ്രാരംഭ ധാരണ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വെള്ളിയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചി വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ പൂര്‍ത്തിയാട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.