us

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരട് കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി മധ്യസ്ഥരായ പാക്കിസ്ഥാൻ. ഒരു സമാധാന കരാറിന്റെ വക്കിലാണ് ഇരു രാജ്യങ്ങളുമെന്നും കരാറിന് അന്തിമരൂപം നൽകുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്‌ചി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും മുന്നോട്ടുവച്ച വ്യവസ്ഥകളിൽ ഇത്രയധികം യോജിപ്പുണ്ടായ സാഹചര്യം മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നിലവിൽ ഇറാന്റെ സുപ്രീം സെക്യൂരിറ്റി കൗൺസിൽ പരിശോധിച്ചുവരികയാണെന്നും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അബ്ബാസ് അറാഗ്‌ചി അറിയിച്ചു.

ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാറിൽ ഒപ്പുവെയ്ക്കാനാണ് ഇരു പക്ഷങ്ങളും ശ്രമിക്കുന്നതെന്നാണ് വിവരം. യുദ്ധവിരാമം ഉറപ്പാക്കുകയും മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കുകയുമാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം.

അതേസമയം, കരാറിന്റെ വ്യവസ്ഥകളെന്ന പേരിൽ ചില ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ അബ്ബാസ് അറാഗ്‌ചിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തള്ളി. കരാർ അന്തിമമാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അഭ്യർഥിച്ചു.

യുദ്ധം അവസാനിപ്പിച്ചതിന് ശേഷമാകും ആണവ വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന തർക്കവിഷയങ്ങൾ ചർച്ച ചെയ്യുക. ഹോർമുസ് കടലിടുക്ക് തുറക്കണമെന്നത് കരാറിലെ പ്രധാന നിർദേശങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ നിയന്ത്രണം ഇറാൻ തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഉടൻ പിൻവലിക്കുമോയെന്നതടക്കമുള്ള വിഷയങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്. അന്തിമ കരാർ രൂപംകൊള്ളുന്നതുവരെ ചർച്ചകൾ തുടരുമെന്നാണ് ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

Iran and US are on the verge of a peace deal brokered by Pakistan, indicating a significant breakthrough in their long-standing conflict. Negotiations are ongoing to finalize the agreement, which aims to ensure a ceasefire and restore stability in the region.