three-indian-sailors-killed-in-us-attack

ഒമാന്‍ കടലിടുക്കില്‍ സെറ്റബെല്ലയെന്ന ഇന്ത്യന്‍ കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ആദിത്യ ശര്‍മ (ഡെക്ക് കേഡറ്റ്), ശിവാനന്ദ് ചൗരസ്യ (എന്‍ജിന്‍ ഫിറ്റര്‍) പട്നല സുരേഷ് (ചീഫ് എന്‍ജിനീയര്‍) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിന് നേരെ യുഎസ് സൈന്യം കഴിഞ്ഞ ദിവസമാണ് ആക്രമണം നടത്തിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് സഞ്ചരിച്ചതോടെയാണ് വെടിയുതിര്‍ത്തതെന്നാണ് യുഎസ് സൈന്യം പ്രതികരിച്ചത്. ഇറാനില്‍ നിന്നുള്ള എണ്ണയാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും യുഎസ് അവകാശപ്പെട്ടിരുന്നു. 

ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ യുഎസ് നയതന്ത്രസ്ഥാനിയെ  ഇന്ത്യ വിളിച്ചു വരുത്തുകയും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. 24 ഇന്ത്യക്കാരാണ് ആക്രമണം നടക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേരെയും രക്ഷിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് പാക്കിസ്ഥാനികളും ഒരു യുക്രെയ്ന്‍കാരനും ഒരു റഷ്യക്കാരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 

ഇറാനെതിരെയുള്ള ഉപരോധത്തിന്‍റെ ഭാഗമായാണ് കപ്പലിനെ ആക്രമിച്ചതെന്നും ചൊവ്വാഴ്ച രാത്രി 11.14നാണ് ആക്രമണം നടത്തിയതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തു. ' പലാവു പതാകയുള്ള സെറ്റബെല്ലോയെന്ന കപ്പല്‍ തകര്‍ത്തു. ഗള്‍ഫ് ഓഫ് ഒമാനില്‍ നിന്നാണ് കപ്പല്‍ വന്നത്. കപ്പലിന്‍റെ എന്‍ജിന്‍ റൂമിന് നേരെ വ്യോമാക്രമണം നടത്തിയെന്നും സെന്‍റ്കോം വിശദീകരിച്ചിരുന്നു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും കടുക്കുകയാണ്. അമേരിക്കന്‍ ഹെലികോപ്ടര്‍ ഇറാന്‍ വെടിവച്ചിട്ടതിന് തിരിച്ചടിയായി ഇറാനില്‍ അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തി. ഇതോടെ ഹോര്‍മുസ് ഇറാന്‍ സൈന്യം പൂര്‍ണമായി അടയ്ക്കുകയും ചെയ്തു. ബഹ്റൈനിലും കുവൈത്തിലുമുള്ള അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മനാമയില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായാണ് സൂചന. 

ENGLISH SUMMARY:

Union Minister Sarbananda Sonowal has officially confirmed the tragic deaths of three Indian sailors who went missing after a US military airstrike targeted the vessel Settabello in the Gulf of Oman. The deceased crew members have been identified as Deck Cadet Aditya Sharma, Engine Fitter Shivanand Chaurasia, and Chief Engineer Patnala Suresh. In the wake of the fatal assault, New Delhi immediately summoned a senior US diplomat to lodge a vehement diplomatic protest against the lethal use of force on civilian mariners. The US Central Command defended the late-night maritime interception, asserting that the Palau-flagged merchant ship was hit in the engine room for violating warnings and smuggling sanctioned Iranian crude oil. While international rescue teams successfully evacuated twenty-one other Indians and four foreign nationals from the burning wreckage, the incident has exponentially worsened geopolitical frictions. This deadly confrontation coincides with a catastrophic escalation in West Asia, where Iran has completely sealed the vital Strait of Hormuz following retaliatory US bombardments and launched explosive drone strikes on American military bases in Bahrain and Kuwait.