Iran players walk onto the pitch at the stadium one day before their FIFA World Cup match against New Zealand in Inglewood, Calif., near Los Angeles (AP Photo/Andre Penner)
യുഎസ്- ഇറാൻ സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കേ മല്‍സരങ്ങള്‍ക്കായി ഇറാന്‍ ഫുട്ബോള്‍ ടീം അമേരിക്കയില്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളും അതുമൂലമുണ്ടായ വീസ പ്രശ്നങ്ങളും ലോകകപ്പിനായുള്ള തങ്ങളുടെ തയ്യാറെടുപ്പുകളെ സാരമായി ബാധിച്ചുവെന്ന് ടീം പരിശീലകൻ അമീർ ഖലേനോയി പറഞ്ഞു. എന്നാല്‍ അതിലൊന്നും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്നും ഗ്രൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ സപ്പോർട്ട് സ്റ്റാഫുകളിൽ പലർക്കും അമേരിക്ക വീസ നിഷേധിച്ചിരുന്നു.
‘ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ്. മറ്റ് പ്രശ്നങ്ങളിലോ ഞങ്ങളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളോ ഞങ്ങൾ ശ്രദ്ധിക്കുന്നില്ല. എല്ലാ ടീമുകൾക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. ഫുട്ബോളുമായി ബന്ധമില്ലാത്ത പല കാര്യങ്ങളും പല രാജ്യങ്ങളിലും നടക്കാറുണ്ട്. ഞങ്ങൾ രാഷ്ട്രീയക്കാരല്ല, ഫുട്ബോളിനെ രാഷ്ട്രീയത്തിൽ നിന്ന് വേർതിരിച്ചു കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’– അമീർ ഖലേനോയി പറഞ്ഞു.
അതേസമയം, തങ്ങളുടെ പരിശീലന ക്യാമ്പ് അവസാന നിമിഷം മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റേണ്ടി വന്നത് ടീമിനെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘പ്രതിസന്ധികളിൽ അവസരങ്ങൾ കണ്ടെത്തുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് സന്തോഷം നൽകുക എന്നതിലുപരി മറ്റൊന്നും ഞങ്ങൾ ചിന്തിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ സമാധാനം കൊണ്ടുവരുന്നു എന്ന് ഫിഫയും മറ്റുള്ളവരും പറയുമ്പോൾ, ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾ ആ സന്തോഷത്തെയും സന്ദേശത്തെയും തകർക്കുന്നുവെന്ന് ഇറാന്‍ ടീമിലെ പ്രധാന സ്ട്രൈക്കർ മെഹ്ദി തരേമി അഭിപ്രായപ്പെട്ടു. സൊമാലിയൻ റഫറി ഒമർ അർട്ടാൻ ഉൾപ്പെടെയുള്ളവർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്‍റെ പരാമര്‍ശം.
അതേസമയം, രണ്ടു രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കേ, അതിലൊന്നില്‍ ലോകകപ്പ് വേദിയൊരുങ്ങുമ്പോൾ, ആ രാജ്യവുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന മറ്റൊരു രാജ്യം അവിടെ മത്സരിക്കാനെത്തുന്നത് ചരിത്രത്തിലാദ്യമാണ്. മത്സരവേദിക്ക് പുറത്ത് ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റേഡിയത്തിൽ സർക്കാർ വിരുദ്ധ ബാനറുകൾ ഉയർത്തിയാൽ ഇറാൻ താരങ്ങൾ കളം വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ശന സുരക്ഷയാണ് സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സമയം നാളെ രാവിലെ ലൊസാഞ്ചലസ് സ്റ്റേഡിയത്തില്‍ ന്യൂസിലൻഡിനെതിരെയാണ് ഇറാന്‍റെ ആദ്യ മല്‍സരം. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ ഇതുവരെ കടക്കാൻ കഴിയാത്ത ഇറാൻ, ഇത്തവണ ബെൽജിയം, ഈജിപ്ത് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് ജിയിലാണ് മത്സരിക്കുന്നത്.