USS Gerald R. Ford aircraft carrier arrives at Souda Bay on the island of Crete, Greece, February 23, 2026. REUTERS/Stelios Misinas

ഇറാനെ ലക്ഷ്യമിട്ട് വന്നുകൊണ്ടിരിക്കുന്ന അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡില്‍ ഗുരുതര പ്രശ്നങ്ങള്‍. രണ്ടാം തവണയും വിന്യാസം നീട്ടാന്‍ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടതോടെ നാവികര്‍ അസ്വസ്ഥരാണെന്നും സര്‍വീസ് വിടാന്‍ ആലോചിക്കുന്നതായുമാണ് വിവരം. ഇതിനൊപ്പമാണ് കപ്പലിലെ ശുചിമുറിയുടെയും മാലിന്യ സംസ്കരണ സംവിധാനത്തിന്‍റെയും പ്രശ്നങ്ങള്‍. കഴിഞ്ഞ ജൂണ്‍ മുതല്‍ യുഎസ്എസ് ജെറാൾഡ് ആര്‍ ഫോർഡ് കടലിലുണ്ട്. ഒക്ടോബറിലാണ് വെനസ്വേലന്‍ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുക്കാനും നിക്കോളസ് മഡുറോയെ പിടികൂടാനുമുള്ള സൈനിക നടപടിക്കായി വിമാനവാഹിന കപ്പലിനെ കരീബിയന്‍ കടലിലേക്ക് മാറ്റിയത്. 

ഇതിനുശേഷമാണ് യു.എസിന്‍റെ ഇറാന്‍ ദൗത്യത്തിനുള്ള പിന്തുണയ്ക്കായി സേവന കാലാവധി വീണ്ടും നീട്ടുന്ന അറിയിപ്പ് നാവികര്‍ക്ക് ലഭിക്കുന്നത്. ആറുമാസം വരെയാണ് സമാധാന കാലത്ത് ആറുമാസം വരെയാണ് വിമാനവാഹിനി കപ്പലുകളുടെ വിന്യാസം. യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡിലെ നാവികർ ഇപ്പോൾ തന്നെ എട്ടുമാസമായി കപ്പലിലാണ്. ഇത് 11 മാസം വരെ നീളാൻ സാധ്യതയുണ്ട്. ഇതോടെ കപ്പലിലെ നാവികര്‍ മാനസിക ബുദ്ധിമുട്ടിലാണെന്നും പലരും നേവി വിടാന്‍ ആഗ്രഹിക്കുന്നതായും കപ്പലിലെ നാവികനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹവും മക്കളുടെ പിറന്നാളും മരണാനന്തര ചടങ്ങുകളും അടക്കം നഷ്ടപ്പെട്ടതാണ് നാവികരെ ബുദ്ധിമുട്ടിലാക്കുന്നത്. 

ദീര്‍ഘകാലമായുള്ള വിന്യാസം കപ്പലിനെയും ബാധിക്കുന്നുണ്ട്. കപ്പലിലെ ശുചിമുറിയുടെ പ്രവര്‍ത്തനത്തെ അടക്കം ബാധിച്ചതായാണ് വിവരം. ശുചിമുറികളില്‍ പ്രശ്നം നേരിടുന്നു എന്ന് കപ്പലില്‍ നാവികന്‍റെ പിതാവ് പറഞ്ഞു. കപ്പലിലെ മലിനജല ശുദ്ധീകരണ സംവിധാനത്തിന് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് നേവി ഓഫീസര്‍ സ്ഥിരീകരിക്കുന്നുണ്ട്. 4500 സൈനികര്‍ക്കായി 650 ശുചിമുറികളാണ് കപ്പലിലുള്ളത്. 

ശരാശരി ഒരു ദിവസം ഒരു അറ്റകുറ്റപ്പണി എന്ന നിലയിൽ ഇതിന് തകരാറുകൾ സംഭവിക്കാറുണ്ട്. 2025 മാര്‍ച്ചില്‍ നാലു ദിവസത്തിനിടെ 205 അറ്റകുറ്റപണികളാണ് കപ്പലിലെ ശുചിമുറികള്‍ക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ സാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും ഈ പ്രശ്നങ്ങൾ ദൗത്യത്തെ ബാധിച്ചിട്ടില്ലെന്നുമാണ് നേവി ഓഫീസര്‍ പറഞ്ഞത്. അതേസമയം,  കപ്പലിലെ ശുചിമുറികൾക്ക് മുന്നിലുള്ള നീണ്ട നിരയാണെന്ന് റഷ്യന്‍ മാധ്യമായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. കപ്പലിലെ നാവികര്‍ ശുചിമുറിയില്‍ പോകാന്‍ 45 മിനുറ്റോളം കാത്തിരിക്കുന്നുണ്ടെന്നാണ് വിവരം. 

ENGLISH SUMMARY:

US Gerald R. Ford aircraft carrier issues are causing significant distress among sailors due to extended deployments and maintenance problems. The warship, initially deployed to the Caribbean, has had its mission extended towards Iran, leading to crew members considering leaving the Navy.