kuwait-iraq

TOPICS COVERED

കുവൈത്തിന്റെ തീരങ്ങള്‍ കൂടി ചേര്‍ത്ത് ഇറാഖ് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച മാപ്പും രേഖകളും പുതിയ നയതന്ത്ര തര്‍ക്കത്തിന് കാരണമാകുന്നു. യുഎന്‍ സെക്രട്ടറി ജനറലിന് ജനുവരി 19നും ഫെബ്രുവരി 9നും സമര്‍പ്പിച്ച രേഖകളിലാണ് കുവൈത്തിന്റെ അതിര്‍ത്തികള്‍ കൂടി ഇറാഖ് ചേര്‍ത്തുവച്ചത്. തങ്ങളുടെ തീരമേഖലകളിലേക്ക് അതിക്രമിച്ചു കടന്നുളള നടപടിയാണിതെന്ന് കുവൈത്ത് ആരോപിച്ചു. 

ഇറാഖിന്റെ നടപടി ശരിയായില്ലെന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറും നിലപാടെടുത്തതോടെ പഴയ തര്‍ക്കങ്ങള്‍ക്ക് ആക്കം കൂടുകയാണ്. ഖോര്‍ അബ്ദുള്ള (Khor Abdullah) ജലപാതയെച്ചൊല്ലി നേരത്തേയും ഇറാഖും കുവൈത്തും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനെ രൂക്ഷമാക്കുന്ന നീക്കമാണ് ഇറാഖിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1990ലെ ഇറാഖ് അധിനിവേശത്തിനു ശേഷം യുഎന്‍ നിശ്ചയിച്ച അതിര്‍ത്തികളെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. ആഴക്കടൽ അതിർത്തികൾ പൂർണ്ണമായും നിശ്ചയിച്ചിട്ടില്ലെന്നാണ് ഇറാഖ് പറയുന്ന വാദം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് പുതുക്കി നിശ്ചയിച്ച സമുദ്ര അതിര്‍ത്തികള്‍ ഉള്‍ക്കൊള്ളുന്ന രേഖകളാണ് തങ്ങള്‍ സമര്‍പ്പിച്ചതെന്നും ഇറാഖ് വ്യക്തമാക്കുന്നു. 

ഇറാഖിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 21ന് കുവൈത്ത് ഒരു ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറിയിരുന്നു. തര്‍ക്കമില്ലാത്ത മേഖലകളിലാണ് ഇറാഖ് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് കുവൈത്ത് ആരോപിക്കുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളായ യുഎഇയും സൗദിയും ഖത്തറും കുവൈത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്ന അവസ്ഥയിലായി. ഇറാഖിന്റെ നടപടിയില്‍ ഈ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. 

ചര്‍ച്ചകളിലൂടെ പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ യുഎഇ ഇറാഖിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിക്കണമെന്ന് ഒമാന്‍ നിർദേശിച്ചു. മുന്‍ കരാറുകള്‍ പാലിച്ചേ മതിയാകൂവെന്ന് ഇറാഖിനോട് സൗദി അറേബ്യയും ആവശ്യപ്പെട്ടു. ഈ തര്‍ക്കഭാഗത്ത് കുവൈത്തിനാണ് പരമാധികാരമെന്ന് ഖത്തറും പ്രതികരിച്ചു. 

Iraq's UN Map Submission Triggers New Border Dispute with Kuwait:

Iraq Kuwait border dispute is escalating as Iraq submitted new maps to the UN that include Kuwait's coastal areas, sparking diplomatic tensions and reigniting old disagreements. Kuwait and several Gulf nations have voiced strong objections to Iraq's actions, highlighting concerns over maritime boundaries and international law.