രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് (OPEC), ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) പിന്മാറുന്നു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. മെയ് ഒന്ന് മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപ്പാദന ഗ്രൂപ്പിന് യുഎഇയുടെ നീക്കം കനത്ത പ്രഹരമാണ്.
ഭൂരാഷ്ട്രീയം, ഉൽപ്പാദന ക്വാട്ട തുടങ്ങിയ വിഷയങ്ങളിൽ ഒപെക് അംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആഭ്യന്തര തർക്കങ്ങളാണ് യുഎഇയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിന് ഇറാൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, വാഷിംഗ്ടൺ തങ്ങളെ വേണ്ടത്ര സംരക്ഷിക്കുന്നില്ലെന്ന് യുഎഇ നേരത്തെ വിമർശിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള രാഷ്ട്രീയവും സൈനികവുമായ ഐക്യം ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഉയർന്ന എണ്ണവില ഈടാക്കി ഒപെക് രാജ്യങ്ങൾ ലോകത്തെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യുഎഇയുടെ തീരുമാനം വലിയ വിജയമാണ്. ഗൾഫ് രാജ്യങ്ങൾക്കുള്ള അമേരിക്കൻ സൈനിക പിന്തുണയെ എണ്ണവിലയുമായി ട്രംപ് ബന്ധിപ്പിച്ചിരുന്നു. യുഎഇ പുറത്തുപോകുന്നതോടെ എണ്ണവിലയിൽ കുറവുണ്ടാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
ലോകത്തിലെ അസംസ്‌കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് ഈ പിന്മാറ്റം. ഒപെക്കിലെ രണ്ടാമത്തെ വലിയ ഉൽപ്പാദകരായ യുഎഇയുടെ പിന്മാറ്റം ഗ്രൂപ്പിന്റെ വില നിയന്ത്രണാധികാരത്തെ ദുർബലപ്പെടുത്തും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിലും ഊർജ്ജ വിപണിയിലും വലിയ അനിശ്ചിതത്വങ്ങൾക്ക് വഴിവെച്ചേക്കാം.
സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് ഒപെക് അംഗങ്ങൾ ഈ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും. എണ്ണ ഉൽപ്പാദനത്തിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ യുഎഇക്ക് ഇനി സാധിക്കുമെന്നത് വിപണിയിലെ വിതരണ ക്രമത്തെ ബാധിച്ചേക്കാം.