kseb

സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ ഔദ്യോഗികമായി ലോഡ്ഷെഡിങ് ഏർപ്പെടുത്താൻ തീരുമാനം. ദിവസേന അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിലാകും നിയന്ത്രണം നടപ്പിലാക്കുക.

നേരത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള ചാക്രിക ലോഡ്ഷെഡിങ് (Cyclic Load Shedding) രീതിയാകും പിന്തുടരുക. ഓരോ ഫീഡറുകളുടെയും ക്രമമനുസരിച്ച് വ്യത്യസ്ത സമയങ്ങളിലാകും വൈദ്യുതി തടസ്സപ്പെടുക. കഴിഞ്ഞ കുറച്ചുദിവസങ്ങളായി 'ലോഡ് റെസ്ട്രിക്ഷൻ', 'ലോഡ് മാനേജ്‌മെന്റ്' എന്നീ പേരുകളിൽ കെഎസ്ഇബി അപ്രഖ്യാപിത പവർകട്ട് നടത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാത്ത ഈ നടപടി ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായതോടെയാണ് ഔദ്യോഗികമായി ലോഡ്ഷെഡിങ് പ്രഖ്യാപിക്കാൻ ബോർഡ് തീരുമാനിച്ചത്.

മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി നിയന്ത്രണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാലക്കാട് വൈദ്യുതി ഓഫീസിൽ ഉൾപ്പെടെ ഉപഭോക്താക്കൾ നേരിട്ടെത്തി പ്രതിഷേധിച്ചിരുന്നു.

കടുത്ത വേനൽ ചൂടിനിടെ രാത്രികാലങ്ങളിൽ വൈദ്യുതി തടസ്സപ്പെടുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഒളിച്ചുകളി അവസാനിപ്പിച്ച് കൃത്യമായ സമയക്രമം നിശ്ചയിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയലേക്ക് നീങ്ങാൻ കെഎസ്ഇബിയെ പ്രേരിപ്പിച്ചത്.  

ENGLISH SUMMARY:

Load shedding in Kerala has been officially announced by KSEB, with a daily 30-minute power cut scheduled between 6 PM and 12 AM. This decision comes after public outcry over previous unscheduled power interruptions and aims to manage the state's electricity crisis.