india-uae

TOPICS COVERED

ഒപെക് കൂട്ടായ്മയിൽ നിന്നുള്ള യുഎഇയുടെ പടിയിറക്കം ഇന്ത്യയ്ക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തല്‍. ഉൽപ്പാദന നിയന്ത്രണങ്ങളില്ലാതെ യുഎഇ എണ്ണ വിപണിയിലെത്തുന്നതോടെ കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് വഴിതുറക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും രൂപയിലുള്ള ഇടപാടുകളും ഇന്ത്യയുടെ ഊർജ്ജ മേഖലയ്ക്ക് വലിയ കരുത്താകുംഒപെക് നിശ്ചയിച്ചിരുന്ന വിലയ്ക്ക് പകരം ഇനിമുതല്‍ ഇന്ത്യയ്ക്കും യുഎഇക്കും പരസ്പര സമ്മതപ്രകാരം എണ്ണവില നിശ്ചയിക്കാൻ പുതിയ സാഹചര്യം അവസരമൊരുക്കും

വിപണിയുടെ ആവശ്യം അനുസരിച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചത് എണ്ണ ഇറക്കുമതിക്കായി ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കും. നിലവിൽ പ്രതിദിനം 35 ലക്ഷം ബാരലായി നിയന്ത്രിച്ചിരിക്കുന്ന ഉൽപ്പാദനം ഒപെക് വിടുന്നതോടെ സ്വന്തം ശേഷിക്കനുസരിച്ച് വർദ്ധിപ്പിക്കാൻ യുഎഇക്ക് സാധിക്കും. 2027-ഓടെ പ്രതിദിനം 50 ലക്ഷം ബാരൽ ഉൽപ്പാദനമാണ് ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് ലക്ഷ്യമിടുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില പിടിച്ചുനിർത്താൻ ഒപെക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ നിന്നാണ് യുഎഇ ഒഴിവാകുന്നത്. വിപണിയിൽ ലഭ്യത കൂടുമ്പോൾ ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

റഷ്യയ്ക്കും ഖത്തറിനും പിന്നാലെ യുഎഇയും പിന്‍വാങ്ങുന്നത് എണ്ണ വിപണിയിൽ ഒപെക്കിനുള്ള ആധിപത്യത്തിന് വലിയ ഭീഷണിയാണ്. നിലവിൽ ഗൾഫ് മേഖലയിൽ നിന്ന് സൗദി അറേബ്യയും കുവൈത്തും മാത്രമാണ് സംഘടനയിൽ അവശേഷിക്കുന്നത്. നികുതി രഹിതമായി കൂടുതൽ എണ്ണ ലഭിക്കുന്നത് ഇന്ത്യയിലെ ആഭ്യന്തര വിപണിയിലും അനുകൂല ചലനങ്ങൾ സൃഷ്ടിച്ചേക്കാം. സാങ്കേതിക സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ എണ്ണ വിൽക്കാൻ യുഎഇ തയ്യാറെടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണ്. വരും വർഷങ്ങളിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎഇയുമായുള്ള  നേരിട്ടുള്ള സഹകരണം നിർണ്ണായകമാകും.

ENGLISH SUMMARY:

UAE leaving OPEC is a significant development for India, promising lower crude oil imports due to increased production and potentially favorable pricing. This strategic shift opens avenues for India to reduce dollar dependency and strengthen its energy sector through direct cooperation and trade agreements.