മലയാളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹനീന്‍ അബ്ദുസമദ് ആണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയാണ്. ഏപ്രില്‍ അഞ്ചിന് പ്ലസ് വണ്‍ ആദ്യ ദിനം സ്‌കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്നലെയായിരുന്നു അന്ത്യം. അഡ്വ. പി.കെ. ഹബീബ് റഹ്മാന്റെയും, ഡോ. കെ. ഷയീന്‍ ഹബീബിന്റെയും മകനാണ്. പഠനത്തിലും പാഠ്യേതര മേഖലകളിലും ഒരുപോലെ മികവ് പുലർത്തിയ ഹനീൻ ഖുർആൻ ഹൃദിസ്ഥമാക്കുന്നതിലും ഫുട്ബോളിനോടും അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥി ഹാദി അബ്ദുറഹ്മാൻ, റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം റിയാദിൽ കബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
റിയാദ് കെഎംസിസി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ ജാഫർ വീംബൂർ, സലീം സിയാംകണ്ടം, മുഹമ്മദ് കുട്ടി കുറിയോടം എന്നിവർ നടപടിക്രമങ്ങളുമായി കുടുംബത്തോടൊപ്പമുണ്ട്.