FILE PHOTO: U.S. President Donald Trump waves as he arrives in West Palm Beach, Florida, U.S., March 28, 2025. REUTERS/Kevin Lamarque/File Photo

ഇറാനുമായി യുദ്ധത്തിന് അമേരിക്കയ്ക്ക് നിലവില്‍ താല്‍പര്യമില്ലെന്നും ഡീലിലെത്താനാണ് ശ്രമമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്‍റെ വാക്കുകള്‍. കഴിഞ്ഞ തവണ ഡീലീന് ഇറാന്‍ വഴങ്ങാതെ വന്നതോടെയാണ് ആക്രമിക്കേണ്ടി വന്നതെന്നും ഇത്തവണ ഇറാന്‍ കുറേക്കൂടി പ്രായോഗികമായി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും ഡോണള്‍ഡ് ട്രംപ്  ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

 'ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയും ഒപ്പം ഡീലില്‍ എത്തിച്ചേരാനാകുമോയെന്ന് പരിശോധിക്കുകയുമാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍ ഫലമെന്താകുമെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ തവണ ഇറാന്‍ ഡീലിന് തയാറായില്ല. അതുകൊണ്ട് മിഡ്നൈറ്റ് ഹാമര്‍ പ്രയോഗിക്കേണ്ടി വന്നു. അവര്‍ക്ക് അതത്ര നന്നായല്ല ഭവിച്ചത്. ഇക്കുറി കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ ഇറാന്‍ പെരുമാറുമെന്ന് കരുതുന്നു' എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. 

അതേസമയം, കൂടുതല്‍ സ്വീകാര്യമായൊരു ആണവ കരാറിന് ഇറാനും യുഎസും തയാറെടുക്കുകയാണെന്ന് തുര്‍ക്കിയിലെ ഉന്നത നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഇറാന്‍റെ ബലിസ്റ്റിക് മിസൈലിനെ കൂടി ഉള്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചാല്‍ അത് യുദ്ധത്തിലാകും കലാശിക്കുകയെന്നും ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ച തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാനും വ്യക്തമാക്കുന്നു. കരാറിലെത്തിച്ചേരണമെന്ന് ഇറാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ഇറാന്‍റെ മുന്‍ അനുഭവവും കഴിഞ്ഞ യുദ്ധവും ഇതിന് വിഘാതം സൃഷ്ടിക്കുന്നുമുണ്ട്. അമേരിക്കയുടെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ ശ്രമം ഉണ്ടായാല്‍ യുറേനിയം സമ്പുഷ്ടീകരണത്തില്‍ നിയന്ത്രണം കൊണ്ടുവരാനും ആണവകേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് മുന്‍പ് അനുവദിച്ചത് പോലെ ഇറാന്‍ തയാറായേക്കുമെന്നുമാണ് തുര്‍ക്കി സൂചന നല്‍കുന്നത്. എന്നാല്‍ അജണ്ടയ്ക്ക് പുറത്തുള്ള കാര്യങ്ങളില്‍ യുഎസ് കൂടുതല്‍ ബാലിശമായ നിലപാട് സ്വീകരിച്ചാല്‍ ചര്‍ച്ച മുന്നോട്ട് പോകില്ലെന്നും യുദ്ധമുണ്ടാകുമെന്നും തുര്‍ക്കി വ്യക്തമാക്കുന്നു. 

യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാറെദ് കുഷ്നറും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി മസ്കറ്റില്‍ വച്ച് കഴിഞ്ഞയാഴ്ചയാണ്  അനൗദ്യോഗിക ചര്‍ച്ച നടത്തിയത്. ഒമാനും ഇജിപ്തുമാണ് ഇതിനായി പ്രയത്നിച്ചതും വേണ്ട നടപടികള്‍ കൈക്കൊണ്ടതും. 12 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇറാന്‍–യുഎസ് ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്. ആദ്യഘട്ട ചര്‍ച്ചകള്‍ തൃപ്തികരമായിരുന്നുവെന്നും അടുത്തഘട്ടം വൈകാതെ ഉണ്ടാകുമെന്നുമാണ് ഇരുപക്ഷവും പ്രതികരിച്ചത്. ഇസ്താംബുളാകും ചര്‍ച്ചയ്ക്ക് വേദിയാകുകയെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും ഒമാന്‍ മതിയെന്നും ആണവ കാര്യമല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യില്ലെന്നും ഇറാന്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇറാന്‍റെ മിസൈല്‍ പദ്ധതികള്‍, ഗറില്ല ഗ്രൂപ്പുകളുമായുള്ള സായുധ–സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങിയ ചര്‍ച്ച ചെയ്യണമെന്നായിരുന്നു യുഎസ് വാദിച്ചത്. ഇതാണ് ഇറാന്‍ തുടക്കത്തിലേ തള്ളിയത്. 

ENGLISH SUMMARY:

Following a three-hour meeting with Israeli PM Benjamin Netanyahu on February 11, 2026, US President Donald Trump announced his preference for a diplomatic deal with Iran rather than a military conflict. In a Truth Social post, Trump highlighted that while no definitive agreement was reached with Israel on the Iran strategy, negotiations with Tehran will continue through intermediaries in Oman. He issued a stern warning, reminding Iran of "Operation Midnight Hammer"—the June 2025 US strikes on Iranian nuclear sites—and urged them to be "reasonable and responsible" this time. Turkey's FM Hakan Fidan warned that including ballistic missiles in talks could derail peace, while Iran remains cautious after past US actions. Despite high regional tensions and a massive US military buildup, both sides have shown interest in a new nuclear agreement to avoid a full-scale war.