• ‘യുഎസിന്റെ ‘അര്‍മാഡ’ ഭീഷണി കയ്യില്‍വച്ചാല്‍ മതി’
  • യുഎസ് നീക്കം നടത്തിയാല്‍ ഇറാന്‍ സമ്പൂര്‍ണ യുദ്ധമാക്കും
  • ‘ഇന്ത്യന്‍ സൗഹൃദം എക്കാലവും ആഗ്രഹിക്കുന്നു’

മധ്യേഷ്യയിലെ കലാപകലുഷിതമായ അന്തരീക്ഷവും ഇറാന്‍ യുഎസ് ആരോപണപ്രത്യാരോപണങ്ങളും മുന്നറിയിപ്പുകളും ലോകസമാധാനത്തെ തന്നെ ബാധിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഈയാഴ്ച്ച തന്നെ പലതവണ ഇറാനും യുഎസും യുദ്ധഭീതി സൃഷ്ടിക്കുന്ന വാക്കുകളും നീക്കങ്ങളും നടത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തങ്ങളുടെ യുദ്ധവിമാനങ്ങളും സന്നാഹങ്ങളും ഇറാനു നേരെ നീക്കമാരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. പിന്നാലെ അര്‍മാഡയും ഒരുങ്ങിയെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ അർമാഡ കാട്ടി വിരട്ടേണ്ടെന്നും ഈ സൈനിക ബില്‍ഡപ് ഒന്നും ഇങ്ങോട്ട് വേണ്ടെന്നും പരസ്യമായി പ്രതികരിച്ച് ഇറാനും രംഗത്തെത്തി. ഏതു തരത്തിലുള്ള നീക്കമായാലും സർജിക്കലോ ചെറുതോ വലുതോ, അതിനെ നിങ്ങൾ എന്തു പേരിട്ടുവിളിച്ചാലും ഞങ്ങളതിനെ യുദ്ധമായി കാണും, സമ്പൂർണ യുദ്ധമാകും ഫലമെന്നാണ് ഇറാൻ തിരിച്ചടിച്ചത്. അന്തര്‍വാഹിനികള്‍, വന്‍യുദ്ധക്കപ്പലുകള്‍, ആയുധശേഖരങ്ങള്‍, സൈനികര്‍, അനുബന്ധസജ്ജീകരണങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സജ്ജീകരമാണ് അര്‍മാഡ എന്നറിയപ്പെടുന്നത്. വിമാനവാഹിനി കപ്പലുകളുടെ വന്‍ പടയെന്ന് ചുരുക്കം.

A billboard with a picture of Iran's flag, on a building in Tehran, Iran, January 24, 2026. Majid Asgaripour/WANA (West Asia News Agency) via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY

തങ്ങളൊന്നിനും പിന്നോട്ടല്ലെന്നും ഒരു നിമിഷത്തില്‍ കാഞ്ചിവലിക്കേണ്ടതേയുള്ളൂവെന്നും ഇറാന്‍ നേതൃത്വം യുഎസിന് മറുപടി നല്‍കി. ഇതിനിടെയിലാണ് ഇന്ത്യന്‍ മമത തുറന്നുപറഞ്ഞ് ഇറാന്‍ ഇന്ത്യയേയും കൂടെക്കൂട്ടിയത്. തങ്ങള്‍ക്ക് ഇന്ത്യയുമായുള്ള സൗഹൃദവും മികച്ച സഹകരണവും ആവശ്യമാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇന്ത്യ ഇറാന്‍ ബന്ധവും ചാബഹാര്‍ തുറമുഖവും സംബന്ധിച്ച് സംസാരിച്ച ഇറാന്‍ പ്രതിനിധിയാണ് ഇന്ത്യയോട് ചേര്‍ന്നുനില്‍ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഇറാൻ സുപ്രീം നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹകീം ഇലാഹി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ സ്നേഹം വ്യക്തമാക്കിയത്.

‘ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുപ്രീം നേതാവ് ഖമനയി ഇറാനും ഇന്ത്യയും തമ്മിലുള്ള നല്ല ബന്ധവും സഹകരണവും ആവർത്തിച്ചു ആവശ്യപ്പെടുന്ന ആളാണ്. ചാബഹാറിൽ ഈ സഹകരണം മികച്ച രീതിയിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും ചരിത്രം ഇസ്ലാം ഉദയം ചെയ്യുന്നതിന് മുൻപ് തന്നെ വ്യക്തമാണ്, അതായത് ഏകദേശം 3,000 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് ഈ സൗഹൃദം . അന്നുതന്നെ ഇന്ത്യയിലെ തത്ത്വചിന്താ ഗ്രന്ഥങ്ങൾ ഞങ്ങൾ ഉപയോഗിച്ചിരുന്നു. ഞങ്ങളുടെ സർവകലാശാലകളിലും ഇന്ത്യയുടെ തത്ത്വചിന്താ പുസ്തകങ്ങൾ പഠിച്ചിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലും ഇന്ത്യയുടെ സംസ്കാരത്തെയും അറിവിനെയും ഞങ്ങൾ ആശ്രയിച്ചിരുന്നു’– ഇതാണ് ഇറാന്‍ പ്രതിനിധിയുടെ വാക്കുകള്‍.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇറാന് അനുകൂലമായി ഇന്ത്യ നിലപാടെടുത്തതിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. ഇറാനിലെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ കടുത്ത നടപടിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ എതിർ‌ത്താണ് ഇന്ത്യ വോട്ടു ചെയ്തത്. 25 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 14 രാജ്യങ്ങൾ വിട്ടുനിന്നു. 7 രാജ്യങ്ങളാണ് എതിർത്ത് വോട്ടു ചെയ്തത്. പ്രമേയത്തെ എതിർത്തതിന് ഇന്ത്യയ്ക്ക് ഇറാൻ അംബാസഡര്‍ മുഹമ്മദ് ഫത്താലി അന്നുതന്നെ നന്ദിയും അറിയിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കെതിരെ രാജ്യത്ത് ഡിസംബര്‍ അവസാനത്തോടെ പൊട്ടിപ്പുറപ്പെട്ട കലാപം ഒരു മാസം പിന്നിടുകയാണ്. പ്രക്ഷോഭകരെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലൂടെയാണ് ഭരണകൂടം നേരിട്ടത്.

5000ത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇറാനിലെ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു. ആളിക്കത്തിയ പ്രക്ഷോഭം ഇടയ്ക്കല്‍പം തണുത്തെങ്കിലും ട്രംപിന്റേയും അമേരിക്കയുടേയും ഇടപെടലും പ്രതികരണവും വന്നതോടെ വീണ്ടും ഉച്ചസ്ഥായിയിലേക്ക് മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ഭാഗത്തുനിന്നും ഏതുതരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാൻ തിരിച്ചടി തുടങ്ങും. പിന്നാലെ ഇറാന്റെ ബദ്ധവൈരിയായ ഇസ്രയേലും കളത്തിലിറങ്ങിയേക്കുമെന്ന കാര്യത്തിലും സംശയമില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാവും.

ENGLISH SUMMARY:

Iran-US tensions are escalating, impacting global peace. The relationship between India and Iran becomes crucial in navigating this turbulent geopolitical landscape, particularly concerning the Chabahar Port development.