US President Donald Trump gestures as he boards Air Force One at Joint Base Andrews, Maryland on January 13, 2026, as he travels to Detroit, Michigan. (Photo by Mandel NGAN / AFP)

ഇറാനില്‍ യു.എസ് നടപടിയുടെ ആശങ്ക ഒഴിയുന്നില്ല. ഇറാന് മുന്നറിയിപ്പുമായി ഗള്‍ഫ് മേഖലയിലേക്ക് യു.എസിന്റെ പടക്കപ്പലുകള്‍ സഞ്ചരിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രക്ഷോഭക്കാരെ കൊല്ലുന്ന, ആണവ പദ്ധതി പുനരാരംഭിക്കുന്ന ഇറാന് മുന്നറിയിപ്പാണെന്നും നിരന്തരം നിരീക്ഷിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ വാക്കുകള്‍ക്ക് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചു. വിരൽ ചൂണ്ടുന്നത് ട്രിഗറിലേക്കാണെന്ന് റവല്യൂഷണറി ഗാര്‍ഡ് പോസ്റ്റ് ചെയ്തു. 

യു.എസിന്റെ വിമാന വാഹിന കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും നിരവധി മിസൈൽ വേധ കപ്പലുകളും ഉടന്‍ പശ്ചിമേഷ്യയിലേക്ക് എത്തുമെന്നാണ് വിവരം. ഇതിനൊപ്പം മിസൈല്‍ വേധ കപ്പലുകളും പടക്കലുകളുടെ ഒരുകൂട്ടവും ഗള്‍ഫിലേക്ക് സഞ്ചരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ദാവോസില്‍ നിന്നും തിരികെ വരുന്നതിനിടെ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമങ്ങവോട് സംസാരിക്കുകയായിരുന്നു ട്രംപ്. 

''ഈ ദിശയിലേക്ക് പോകുന്ന നിരവധി കപ്പലുകള്‍ ഞങ്ങള്‍ക്കുണ്ട്. എന്തെങ്കിലും സംഭവിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ ഇറാനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, ഞങ്ങളുടെ കപ്പല്‍കൂട്ടവും ഈമേഖലയിലേക്ക് സഞ്ചരിക്കുന്നുണ്ട്. അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് കരുതുന്നു'' എന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഏഷ്യ-പസഫിക്കിൽ നിന്ന് യുദ്ധക്കപ്പലുകൾ ഗള്‍ഫിലേക്ക് നീങ്ങിത്തുടങ്ങിയത്.

അതേസമയം, ഇറാന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 3,117 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി വ്യക്തമാക്കി. എന്നാല്‍ ഇത് യഥാര്‍ഥ സംഖ്യയില്‍ നിന്ന് അകലെയാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിലപാട്. 

ENGLISH SUMMARY:

Iran tensions are escalating in the Middle East. The US is closely monitoring Iran, with warships deployed to the Gulf region as a warning against renewed nuclear ambitions and protest crackdowns.