വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു മലയാളി, ലോകമെങ്ങും സുഗന്ധം പടർത്തുന്ന 'ഫ്രഞ്ച് അവന്യൂ' ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ അമരക്കാരനായി മാറിയ വിസ്മയകഥ. ഫ്രാഗ്രൻസ് വേൾഡ് എന്ന സുഗന്ധ സാമ്രാജ്യം നൂറ്റിയമ്പതാം രാജ്യത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതിന്റെ ആഘോഷവേളയിൽ, സ്ഥാപകൻ പോളണ്ട് മൂസയുടെ അതിജീവനകഥ 'കുഞ്ഞോൻ' എന്ന ഡോക്യു ഫിക്ഷനിലൂടെ ദുബായ് എക്സ്പോ സിറ്റിയിൽ അനാവരണം ചെയ്യപ്പെട്ടു. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി, തന്റെ മനസ്സ് കവർന്ന ഈ പോരാളിയുടെ ജീവിതം സിനിമയാക്കാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് വേദിയിൽ വെളിപ്പെടുത്തി.
ജനിച്ച അൻപതാം ദിവസം വസൂരി ബാധിച്ച് മരണം ഉറപ്പായ കുഞ്ഞിനെ തോട്ടിൽ ഉപേക്ഷിക്കാൻ നാട്ടുവൈദ്യൻ വിധിയെഴുതിയെങ്കിലും മാതാവിന്റെ കരുതലിൽ ജീവിതത്തിലേക്ക് മടങ്ങി വന്നതാണ് മൂസയുടെ ആദ്യ വിജയം. ഒൻപതാം വയസ്സിൽ റെസ്റ്റോറന്റ് ക്ലീനിങ് തൊഴിലാളിയായി തുടങ്ങിയ മൂസയുടെ ജീവിതം, പിന്നീട് ദുബായിൽ ചെരുപ്പുകടയിലെ സഹായിയായി കച്ചവടത്തിന്റെ ബാലപാഠങ്ങൾ പഠിക്കുകയായിരുന്നു. 1988-ൽ സ്വന്തമായി സംരംഭം തുടങ്ങുകയും രാഷ്ട്രീയ സംഘർഷങ്ങൾ നിലനിന്നിരുന്ന പോളണ്ടിലേക്ക് സാഹസികമായി യാത്ര ചെയ്യുകയും ചെയ്തതാണ് ജീവിതത്തിലെ വഴിത്തിരിവായത്. അവിടെ തുറന്നുകിട്ടിയ വലിയ കച്ചവട സാധ്യതകൾ ഉപയോഗപ്പെടുത്തി ദുബായിൽ നിന്നും പോളണ്ടിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്തും അവിടെ നിന്ന് പെർഫ്യൂമുകൾ എത്തിച്ചുമാണ് അദ്ദേഹം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്.
ഈ അസാധാരണ വളർച്ചയിലൂടെ വെറും മൂസ എന്ന പേരിനൊപ്പം പോളണ്ട് എന്ന രാജ്യം കൂടി ചേർക്കപ്പെടുകയും അദ്ദേഹം 'പോളണ്ട് മൂസ'യായി ലോകമറിയുന്ന ബിസിനസുകാരനായി മാറുകയും ചെയ്തു. ദുബായ് എക്സ്പോ സിറ്റിയിൽ നടന്ന പ്രൗഢഗംഭീരമായ ആഘോഷത്തിൽ കമ്പനിയുടെ വളർച്ചയിൽ തുടക്കം മുതൽ പങ്കാളികളായ പോളണ്ട്, ബൾഗേറിയ, റഷ്യ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ സുഹൃത്തുക്കളെയും, കമ്പനിയിലെ തൊഴിലാളികളെയും ആദരിച്ചു. വട്ടപ്പൂജ്യത്തിൽ നിന്നും ആരംഭിച്ച് ഇന്ന് 150 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന സുഗന്ധ സാമ്രാജ്യം ഓരോ പ്രവാസി മലയാളിക്കും വലിയൊരു പ്രചോദനമാണ്.