Image Credit: Reuters
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന വാദം ആവര്‍ത്തിച്ച് ഇറാന്‍. പ്രതിഷേധക്കാരില്‍ നൂറുപേരെ കണ്ണുകള്‍ മൂടിക്കെട്ടി, വിലങ്ങണിയിച്ച് ചിത്രീകരിച്ച വിഡിയോയിലാണ് ഇത് സംബന്ധിച്ച 'ഏറ്റുപറച്ചില്‍' ഉള്ളത്. വിഡിയോകള്‍ ദേശീയ ടെലിവിഷനിലൂടെ ഇറാന്‍ സംപ്രേഷണം ചെയ്തു. കുറ്റസമ്മത വിഡിയോകളില്‍ ചിലതില്‍ ആളുകള്‍ അവര്‍ ഉപയോഗിച്ചതെന്ന് പറയുന്ന ആയുധങ്ങളും കാണിക്കുന്നുണ്ട്. നാടന്‍ തോക്കുകളും, നാടന്‍ ബോംബുകളുമടക്കം പ്രക്ഷോഭത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ചുവെന്നാണ് വിഡിയോയില്‍ പറയുന്നത്. വിദേശ ശക്തികളാണ് ഇറാനിലെ സമാധാനം തകര്‍ക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ശ്രമിക്കുന്നതെന്ന വാദം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ വിഡിയോകള്‍ ഖമനയി ഭരണകൂടം പുറത്തുവിട്ടത്.
ഇറാനെതിരെ പ്രവര്‍ത്തിച്ചതില്‍ കടുത്ത കുറ്റബോധമുണ്ടെന്നും ഒന്നും വേണ്ടിയിരുന്നില്ലെന്നും പലരും പറയുന്നത് വിഡിയോയില്‍ കാണാം. പ്രക്ഷോഭകാരികളെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയ ശേഷമാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്നും മാനസിക–ശാരീരിക ഉപദ്രവങ്ങളും വധഭീഷണിയും വരെ ഭരണകൂടം മുഴക്കാറുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.കാലാകാലങ്ങളായി ഇറാന്‍ സര്‍ക്കാര്‍ ഇതാണ് ചെയ്തുപോരുന്നതെന്നും ആക്ടിവിസ്റ്റുകളും വ്യക്തമാക്കുന്നു.
അമേരിക്കയും ഇസ്രയേലും മുന്‍കൈയെടുത്ത് നടത്തുന്ന കലാപങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഇറാന്‍ വിശേഷിപ്പിക്കുന്നത്. ഇറാന്‍ പൗരന്‍മാര്‍ ഒരിക്കലും മോസ്കുകള്‍ക്ക് തീ വയ്ക്കില്ല. ഈ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അത് സംഭവിച്ചുവെങ്കില്‍ അതിനര്‍ഥം വിദേശ ഇടപെടലുണ്ടെന്നാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
ഏറ്റുപറച്ചിലുകള്‍ മുന്‍പും
2010 മുതല്‍ 2020 വരെയുള്ള കാലയളവിനിടയില്‍ ഏകദേശം 350 നിര്‍ബന്ധിത ഏറ്റുപറച്ചിലുകള്‍ ഇറാന്‍ ദേശീയ ചാനലിലൂടെ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇതില്‍ അറുപതെണ്ണവും കഴിഞ്ഞ വര്‍ഷമായിരുന്നു. 2022 ല്‍ ഇത്തരത്തില്‍ ഏറ്റുപറച്ചില്‍ നടത്തിയവരില്‍ 37 പേരെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി. മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനങ്ങളെ തുടര്‍ന്നായിരുന്നു ഈ ഏറ്റുപറച്ചിലുകളും വധശിക്ഷകളും. മഹ്സ അമിനിയുടെ കൊലയ്ക്ക് പിന്നാലെ നടന്ന പ്രതിഷേധങ്ങളില്‍ അഞ്ഞൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 22,000ത്തിലേറെപ്പേരെ ഭരണകൂടം തടവിലാക്കുകയും ചെയ്തിരുന്നു. ഇറാന്‍ കണ്ട അവസാനത്തെ വലിയ പ്രക്ഷോഭമായിരുന്നു ഇത്. 2024ല്‍ ഇറാന്‍ 975 പേരെ തൂക്കിലേറ്റിയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ലഹരിക്കേസുകള്‍, കൊലപാതകം, മതനിന്ദ തുടങ്ങിയ കുറ്റങ്ങളിലാണ് സാധാരണയായി തൂക്കുകയര്‍ വിധിക്കുക. 2024ല്‍ ചാരവൃത്തി നടത്തിയവരെയും ഇറാന്‍ തൂക്കിക്കൊന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് പിന്നാലെ ചാരവൃത്തി നടത്തിയ 12 പേരെയാണ് ഇറാന്‍ പരസ്യമായി തൂക്കിക്കൊന്നത്.