driverless-taxicar

ഡ്രൈവർ സീറ്റിൽ ആളില്ലാതെ നഗരവീഥികളിലൂടെ പാഞ്ഞുപോകുന്ന ടാക്സികൾ ഇനി ദുബായ് നിരത്തുകളിൽ അത്ഭുതക്കാഴ്ചയല്ല. ചൈനീസ് ടെക് ഭീമനായ ബൈദുവിന്റെ ‘അപ്പോളോ ഗോ’ എന്ന സ്വയം നിയന്ത്രിത ടാക്സി സർവീസിന് ദുബായ് ആർ ടി എ പ്രവർത്തനാനുമതി നൽകി. യുഎഇയുടെ ഗതാഗത ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം കുറിക്കുന്ന പദ്ധതി ഏതാനും മാസങ്ങൾക്കുള്ളിൽ  വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കും.

പൂർണ്ണമായും ഡ്രൈവറില്ലാത്ത ടാക്സികൾ നിയന്ത്രിക്കുന്നതിനായുള്ള മധ്യപൂർവദേശത്തെ ആദ്യത്തെ ‘ഇന്റലിജന്റ് ഓപ്പറേഷൻ സെന്റർ’ആണ്  ദുബായിൽ പ്രവർത്തനം ആരംഭിച്ചത്. വാഹനങ്ങളുടെ സുരക്ഷാ പരിശോധന, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, ചാർജിംഗ്, അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ കേന്ദ്രത്തിൽ നിന്നായിരിക്കും ഏകോപിപ്പിക്കുക. 2026-ന്റെ ആദ്യ പകുതിയോടെ ആയിരത്തിലേറെ വാഹനങ്ങൾ നിരത്തിലിറക്കി സർവീസ് പൂർണ്ണതോതിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ആദ്യഘട്ടത്തിൽ നിശ്ചിത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാകും നഗരത്തിലുടനീളം ഇത് പ്രാബല്യത്തിൽ വരുക. റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ഡ്രൈവർമാരുടെ പിഴവുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ഇത്തരം ഓട്ടോണമസ് വാഹനങ്ങൾക്ക് സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.  2030-ഓടെ ദുബായിലെ ആകെ ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുക എന്നതാണ് ഭരണാധികാരികളുടെ ലക്‌ഷ്യം.

പദ്ധതി നിലവിൽ വരുന്നതോടെ  ചൈനയ്ക്ക് പുറത്ത് അപ്പോളോ ഗോ പരീക്ഷണ പെർമിറ്റ് നേടുന്ന ആദ്യ നഗരമായി ദുബായ് മാറി. പരിസ്ഥിതി സൗഹൃദമായ  ഗതാഗത സംവിധാനം കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനൊപ്പം ദുബായിലെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകും.

ENGLISH SUMMARY:

Autonomous taxis are set to revolutionize Dubai's transportation. The introduction of driverless cars like Apollo Go aims to enhance road safety, reduce carbon emissions, and boost tourism, aligning with Dubai's vision for smart and sustainable mobility by 2030.