Image credit: X
ഇറാനില്‍ ഇടപെടുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി മുന്നറിയിപ്പിന് കടുത്ത ഭാഷയില്‍ തിരിച്ചടി നല്‍കി ഇറാന്‍. ഇറാഖിലെയും അഫ്ഗാനിലെയും ഒടുവില്‍ ഗാസയിലെയും വരെ യുഎസ് രക്ഷാപ്രവര്‍ത്തനം ഇറാന്‍ പൗരന്‍മാര്‍ കണ്ടതാണെന്നും സാഹസത്തിന് മുതിര്‍ന്നാല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ വിശ്വസ്തന്‍ അലി ഷംഖാനി പ്രതികരിച്ചു. Also Read: ഇറാന്‍ ജനതയെ രക്ഷിക്കാന്‍ റെഡിയെന്ന് ട്രംപ്
'നിങ്ങളുടെ സൈനികരെ സുരക്ഷിതരായി കാത്തോളൂ' എന്നായിരുന്നു അമേരിക്കന്‍ ജനതയോട് ഷംഖാനിയുടെ മുന്നറിയിപ്പ്. നാണംകെട്ട് അഫ്ഗാനില്‍ നിന്നോടിപ്പോയ യുഎസ് ചരിത്രം ഓര്‍മിപ്പിക്കരുതെന്നും ഷംഖാനി പരിഹസിച്ചു. പത്തുലക്ഷത്തോളം ആയുധങ്ങളും സൈനിക സാമഗ്രികളും താലിബാന് കൈമാറിയാണ് അമേരിക്കയ്ക്ക് സൈനികരുടെ ജീവനുമായി മടങ്ങേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍റെ ദേശീയ സുരക്ഷയില്‍ കൈകടത്താന്‍ യുഎസ് മുതിര്‍ന്നാല്‍ വിവരമറിയുമെന്നും സമൂഹമാധ്യമപ്പോസ്റ്റില്‍ ഷംഖാനി തുറന്നടിച്ചു.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍, അതവരുടെ രീതിയാണെന്നറിയാം.. എങ്കിലും ജനങ്ങളുടെ രക്ഷയ്ക്ക് യുഎസ് എത്തും. അതിന് അമേരിക്ക സര്‍വസജ്ജമാണെന്നും ട്രംപ് ഖമനയിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇറാനില്‍ ഖമനയിക്കെതിരെ നടക്കുന്നുവെന്ന് പറയപ്പെടുന്ന പ്രതിഷേധങ്ങള്‍ യുഎസ് പ്രചരിപ്പിക്കുന്നത് മാത്രമാണെന്നും എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വിഡിയോകളാണെന്നും ഇറാന്‍ ഔദ്യോഗിക മാധ്യമം വ്യക്തമാക്കി. ഇസ്രയേലി മാധ്യമങ്ങളാണ് ഇതിന് പിന്നിലെന്നും ഭരണവിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ തെരുവിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എഐ വിഡിയോകള്‍ നിര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണെന്നും റസാവി ഖോറസാന്‍ പ്രവിശ്യയിലെ ഖമനയിയുടെ പ്രതിനിധി അഹ്മദ് ആലമോല്‍ഹൊദ പറഞ്ഞു.
മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇറാനില്‍ ഇത്രവലിയ പ്രതിഷേധം ഉണ്ടാകുന്നത്. വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ റിയാലിന്‍റെ മൂല്യം തകര്‍ന്നടിയുകയും സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുകയും ചെയ്തോടെയാണ് വ്യാപാരികള്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.